ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട അറസ്റ്റ് അവസാനഘട്ടത്തിൽ

Jaihind Webdesk
Tuesday, October 30, 2018

ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട അറസ്റ്റ് അവസാനഘട്ടത്തിൽ. ഇതുവരെ 3557 പേർ അറസ്റ്റിലായി. 531 കേസുകൾ ഇതു വരെ രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിലായി വ്യാപക അറസ്റ്റുമായി മുന്നോട്ടുപോകുകയാണ് പോലീസും സർക്കാരും. ഇന്നലെ 52 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇനി ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലാണ് പ്രതികൾ പിടിയിലാകാനുള്ളത്. ഇവർ ഒളിവിലാണ്. 350 പേരാണ് ഒളിവിൽ കഴിയുന്നത്. നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തതിൽ കടുത്ത പ്രതിഷേധവുമായി കോൺഗ്രസും എൻഎസ്എസും രംഗത്തെത്തിയിരുന്നു. ഹൈക്കോടതിയും അറസ്റ്റിനെതിരെ വിമർശനമുന്നയിച്ചിരുന്നു.

പൊതു മുതൽ നശിപ്പിച്ച കേസിലാണ് കൂടുതൽ പേർ പിടിയിലായിരിക്കുന്നതെന്നാണ് പോലീസ് ഭാഷ്യം. തെക്കൻ ജില്ലകളിലാണ് കൂടുതൽ അറസ്റ്റ്. പോലീസ് തയ്യാറാക്കിയ പട്ടിക അനുസരിച്ചാണ് അറസ്റ്റ് തുടരുന്നത്. അറസ്റ്റിലായ നിരവധി പേർ ജാമ്യം നേടി പുറത്തുപോയിട്ടുണ്ട്.