ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി കുറച്ചു ; കെപിസിസിയുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍

 

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യലാബുകളിലെ കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറയ്ക്കണമെന്ന കെപിസിസിയുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍. പരിശോധന നിരക്ക് 1700 രൂപയില്‍ നിന്നും 500 ആയി കുറച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ കെപിസിസിയെ പ്രതിനിധീകരിച്ച് ഡോ.ശൂരനാട് രാജശേഖരനാണ് ഈ ആവശ്യം ഉന്നയിച്ചത്.

ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിരക്ക് കേരളത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പല സംസ്ഥാനങ്ങളും 400 രൂപയ്ക്ക് വരെ പരിശോധന നടത്തുമ്പോള്‍ കേരളത്തില്‍ ഈടാക്കുന്ന 1700 രൂപ സാധാരണക്കാരന് താങ്ങാനാവത്തതാണെന്നും  പകുതിയായെങ്കിലും കുറയ്ക്കണമെന്നും  അദ്ദേഹം നിർദ്ദേശിച്ചു.

ആര്‍ടിപിസിആര്‍  നിരക്കുകൾ 1700 രൂപയിൽ നിന്നും കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്ക്‌ വേണ്ടി അധ്യക്ഷന്‍ ഷാഫി പറമ്പിലും, ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥനും ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിയും നൽകിയിരുന്നു. വിഷയത്തില്‍ വെള്ളിയാഴ്ച കോടതിയിൽ വാദം കേൾക്കാനിരിക്കെയാണ് സംസ്ഥാന സർക്കാർ ആര്‍ടിപിസിആര്‍ നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയായി കുറച്ചത്.

കഴിഞ്ഞ വർഷം 2500 രൂപയാണ് സ്വകാര്യ ലാബുകൾ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഈടാക്കിയിരുന്നത്. സർക്കാർ 1500 രൂപയായി കുറച്ചപ്പോൾ സ്വകാര്യ ലാബുകളുടെ ഹർജിയുടെ വെളിച്ചത്തിൽ കോടതി 1700 രൂപ നിശ്ചയിച്ചു. ഇതിനെതിരെ സർക്കാർ അപ്പീൽ പോകാതെ 1700 രൂപ അംഗീകരിക്കുകയായിരുന്നു. 448 രൂപ മാത്രമാണ് യഥാർത്ഥ ചെലവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ്  ഹർജി ഫയൽ ചെയ്തതിനു പിന്നാലെയാണ് സർക്കാർ നടപടി. എന്നാല്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ലാബുകളുമായുള്ള ഒത്തുകളിയാണ് ഇതിലൂടെ പൊളിഞ്ഞത്.

 

Comments (0)
Add Comment