ശബരിമല സ്ത്രീപ്രവേശനം: മലക്കം മറിഞ്ഞ് ആർ.എസ്.എസ്, ഇരട്ടത്താപ്പ് പുറത്ത്

B.S. Shiju
Thursday, October 18, 2018

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന സുപ്രീം കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത് രംഗത്തെത്തിയ ആർ.എസ്.എസ് നേതൃത്വം മലക്കം മറിഞ്ഞു. ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് നൽകിയ വിജയദശമി സന്ദേശത്തിലാണ് പുതിയ നിലപാടുമായി ആർ.എസ്.എസ് രംഗപ്രവേശം നടത്തിയത്. സുപ്രീംകോടതി വിധി അഭിപ്രായ സമന്വയം ഇല്ലാതെയും ആചാരങ്ങൾ പരിഗണിക്കാതെയുമാണെന്നും സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസസമൂഹത്തിന്‍റെ വികാരം പരിഗണിച്ചല്ലെന്നും ആർ.എസ്.എസ് വ്യക്തമാക്കുന്നു. ശബരിമലയുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പരാതിയിൽ പുറപ്പെടുവിച്ച വിധി, സമൂഹത്തിൽ അശാന്തിയും ഭിന്നതയും മാത്രമാണ് ഉണ്ടാക്കിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ മാറ്റുമ്പോൾ ആവശ്യമായ ആലോചനകൾ നടന്നില്ല. മതപുരോഹിതർ, സന്യാസിശ്രേഷ്ഠർ തുടങ്ങി വിവിധതലങ്ങളിൽ ചർച്ച ആവശ്യമായിരുന്നുവെന്നും ഭാഗവത് പറഞ്ഞു.

എന്നാൽ ക്ഷേത്രങ്ങളിൽ സ്ത്രീക്കും പുരുഷനും വിവേചനമരുതെന്നായിരുന്നു ആദ്യ നിലപാട്. പിന്നീട് വിവിധ വിശ്വാസിസമൂഹവും എൻ.എസ്.എസ് അടക്കമുള്ള സംഘടനകളും പ്രതിഷേധവുമായി എത്തിയിരുന്നു. വിശ്വാസി സമൂഹത്തിന്‍റെ എതിർപ്പിനെ ഇല്ലാതാക്കാൻ സംഘപരിവാർ ശ്രമവും നടത്തി. ഇതിന്‍റെ ഭാഗമായി ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയുടെ എഡിറ്റ് പേജിൽ ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ആർ. സജ്ഞയൻ എഴുതിയ ‘ശബരിമല : അനാവശ്യ വിവാദങ്ങൾക്ക് പ്രസക്തിയില്ല’ എന്ന ലേഖനത്തിൽ ശബരിമല സംബന്ധിച്ച പ്രതിഷേധങ്ങളെ അതിരൂക്ഷമായി വിമർശിച്ചിരുന്നു.

ഇതിനു മുമ്പ് 2017 ജൂൺ ഒമ്പതിന് പുറത്തിറങ്ങിയ ആർ.എസ്.എസ് മുഖപത്രമായ കേസരിയിൽ മാറ്റുവിൻ ചടങ്ങളെ എന്ന തലക്കെട്ടോടെ ആർ.ഹരി എഴുതിയ ലേഖന പരമ്പരയിലും സ്ത്രീപ്രവേശനത്തെ അനുകൂലിച്ചിരുന്നു. കേസരിയുടെ മുഖലേഖനമായാണ് ഇത് പ്രസിദ്ധീകരിച്ചത്. ഇതിനു പിന്നാലെ ആർ.എസ്.എസ് അനുകൂല ചാനലായ ജനം ടിവിക്ക് ആർ.എസ്.എസ് ഉപാധ്യക്ഷൻ ഭയ്യാജിജോഷി നൽകിയ അഭിമുഖത്തിലും സ്ത്രീപ്രവേശനത്തെ അനുകൂലിച്ചിരുന്നു. ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച കോടതിയുടെ അന്തിമ തീർപ്പിന് വിശ്വാസികൾ വഴങ്ങണമെന്നും അത് ധിക്കരിക്കരുതെന്നുമാണ് ആർ.എസ്.എസ് നേതാവ് വ്യക്തമാക്കിയത്. എന്നാൽ പ്രതിഷേധങ്ങൾ തുടർന്നതോടെ നിലപാട് മാറ്റിയ ആർ.എസ്.എസ് നേതൃത്വം വിശ്വാസി സമൂഹത്തിനൊപ്പം നിലയുറപ്പിക്കാൻ നിർബന്ധിതമാവുകയായിരുന്നു.

ഇതിനിടെ സുപ്രീം കോടതിയിൽ ശബരിമല സ്ത്രീപ്രവേശനത്തിന് വേണ്ടി ഹർജി നൽകിയവരുടെ ആർ.എസ്.എസ് ബന്ധവും ചർച്ചയായിരുന്നു. നിലവിൽ ആർ.എസ്.എസ് മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞതോടെ സംഘടനയുടെ ഇരട്ടത്താപ്പാണ് പുറത്തായിട്ടുള്ളത്. അതിനു പുറമേ വിധിയെ ആദ്യം സ്വാഗതം ചെയ്ത ബി.ജെ.പി – സംഘപരിവാർ നേതൃത്വം ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് ഉടലെടുത്ത പ്രശ്‌നങ്ങളെ രാഷ്ട്രീയവൽക്കരിച്ച് കേരളത്തിൽ ചുവടുറിപ്പിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്.

ശബരിമലയിലെ വിഷയങ്ങൾക്ക് പുറമേ രാമക്ഷേത്ര നിർമാണവിഷയത്തിലും മോദി സർക്കാരിനെ ഭഗവത് പരോക്ഷമായി വിമർശിച്ചു. തങ്ങളുടെ സർക്കാരെന്ന് അവകാശപ്പെടുന്നവർ അധികാരത്തിൽ ഇരുന്നിട്ടും എന്തുകൊണ്ടു രാമക്ഷേത്ര നിർമാണം നടക്കുന്നില്ലെന്നു ജനങ്ങൾ ചോദിക്കുന്നു. ക്ഷേത്രനിർമാണത്തിനായി കേന്ദ്രം ഓർഡിനൻസ് കൊണ്ടുവരണമെന്നും മോഹൻ ഭഗവത് പറഞ്ഞതും രാഷ്ട്രീയലക്ഷ്യങ്ങൾ മുൻനിർത്തിയാണെന്ന വസ്തുതയാണ് വെളിച്ചത്തുഒ വരുന്നത്. അധികാരത്തിലേറി നാലര വർഷം കഴിയുന്ന അവസരത്തിൽ ഇന്ധവില വർധനയും റഫേൽ ഇടപാടടക്കം ഒരുപിടി അഴിമതികളും മോദി സർക്കാരിനെ തിരിഞ്ഞു കൊത്തുന്ന സാഹചര്യമാണുള്ളത്. ഇതിൽ നിന്നും ശ്രദ്ധ തിരിച്ച് ഹിന്ദു കാർഡിറക്കി വീണ്ടും ഹിന്ദുവോട്ടുകൾ തിരിച്ചു പിടിക്കാനുള്ള തന്ത്രത്തിനാണ് ആർ.എസ്.എസ് സർസംഘചാലകിന്റെ വിജയദശമി സന്ദേശത്തിലൂടെ തുടക്കമിട്ടതെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.