വനിതാ പൊലീസുകാരുടെ വയസ് : വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Monday, November 12, 2018

Ramesh-Chennithala

വനിതാ പൊലീസുകാരുടെ വയസ് തെളിയിക്കുന്ന രേഖ ആര്‍.എസ്.എസ് പരിശോധിച്ചിരുന്നെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്: രമേശ് ചെന്നിത്തല

പൊലീസ് സേനയുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന നടപടി, മുഖ്യമന്ത്രി മറുപടി നല്‍കണം

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ പൊലീസുകാരുടെ വയസ് തെളിയിക്കുന്ന രേഖകള്‍ തങ്ങള്‍ പരിശോധിച്ചിരുന്നെന്ന ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അന്ന് സന്നിധാനത്ത് പൊലീസ് പോലും ആര്‍.എസ്.എസുകാരുടെ നിയന്ത്രണത്തിലായിരുന്നു എന്നതിന് തെളിവാണിത്. വത്സന്‍ തില്ലങ്കേരി അന്ന് പൊലീസിന്റെ മെഗാഫോണിലൂടെ സംസാരിച്ചു എന്ന് മാത്രമല്ല പൊലീസുകാരുടെ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു എന്നാണ് വ്യക്തമാകുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ പൂര്‍ണ്ണപരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സംസ്ഥാനത്തെ പൊലീസ് തന്നെ ആര്‍.എസ്.എസിന്‍റെ ചൊല്‍പ്പടിക്കും ദയാദാക്ഷണ്യത്തിനും വിധേയമായി നില്‍ക്കേണ്ടി വന്ന അവസ്ഥ ലജ്ജാകരമാണ്. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്‍റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയുമാണിത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ശബരിമലയില്‍ വന്‍സുരക്ഷ ഒരുക്കിയിരുന്നെന്ന് പറയുന്ന സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും മറ്റ് സംഘപരിവാര്‍ ശക്തികള്‍ക്കും അഴിഞ്ഞാട്ടത്തിനുള്ള ഒത്താശ ചെയ്തു കൊടുക്കുകായണ് ചെയ്തത്.  പരിവാപനമായ പതിനെട്ടാംപടിയില്‍ കയറി നിന്ന് അപമാനിച്ച സംഘപരിവാറുകാര്‍ ഭക്തരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് അതൊന്നും തടഞ്ഞില്ല. ശബരിമലയെ ആര്‍എസ്എസിനും ബിജെപിക്കും സംഘപരിവാര്‍ ശക്തികള്‍ക്കും അടിയറ വയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.