നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളി: യുഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കും: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയ സപ്ലൈകോ നടപടി പൊതുജനത്തോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഈ മാസം ഒന്നിന് വില പുതുക്കി നിശ്ചയിച്ച അരി ഉള്‍പ്പെടെയുള്ളവയുടെ വിലയാണ് 11 ദിവസത്തിനിടെ വീണ്ടും വര്‍ധിപ്പിച്ചത്. പൊതുവിപണിയിലുണ്ടായ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനത്തെയാണ് സപ്ലൈകോയും കൊള്ളയടിക്കുന്നത്. പൊതുവിപണിയിലെ വിലക്കയറ്റത്തിന് ആനുപാതികമായ വര്‍ധനവ് മാത്രമാണ് വരുത്തിയിരിക്കുന്നതെന്ന ന്യായമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മഹാമാരിയും പ്രളയവും പ്രകൃതി ദുരന്തങ്ങളും സാമ്പത്തികമായും മാനസികമായും തകര്‍ത്തൊരു ജനതയെയാണ് സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങളിലൂടെ തുടര്‍ച്ചയായി ചൂഷണം ചെയ്യുന്നത്. അധികമായി ലഭിക്കുന്ന ഇന്ധന നികുതി വേണ്ടെന്നുവച്ചാല്‍ തന്നെ പൊതുവിപണിയിലെ വിലക്കയറ്റം ഒരുപരിധി വരെ പിടിച്ചു നിര്‍ത്താമായിരുന്നു. പൊതുമുതല്‍ കൊള്ളയടിക്കുന്നതിലും പിന്‍വാതില്‍ നിയമനങ്ങളിലും മാത്രം ശ്രദ്ധിക്കുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. തുടര്‍ച്ചയായി ലഭിച്ച ജനവിധി എന്തു ജനവിരുദ്ധതയും നടപ്പാക്കാനുള്ള ലൈസന്‍സായി കാണരുത്. വിലക്കയറ്റത്തിനെതിരെ യുഡിഎഫും കോണ്‍ഗ്രസും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

Comments (0)
Add Comment