പ്രതീക്ഷ 2030 : ആര്‍.ജി.ഐ.ഡി.എസ് വികസന സമ്മിറ്റ് മാർച്ച് 2ന് ; ഉദ്ഘാടനം ഡോ. മന്‍മോഹന്‍ സിംഗ് നിർവ്വഹിക്കും

Jaihind News Bureau
Sunday, February 28, 2021

തിരുവനന്തപുരം: രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്മെന്റ് സ്റ്റഡീസ്( ആര്‍.ജി.ഐ.ഡി.എസ്) സംഘടിപ്പിക്കുന്ന ‘പ്രതീക്ഷ 2030 വികസന സമ്മിറ്റ്’ മാർച്ച് 2  ചൊവ്വാഴ്ച്ച നടക്കും. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടക്കുന്ന സമ്മിറ്റ് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഉദ്ഘാടനം ചെയ്യും. ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ‘കേരള വികസന രേഖ’ ഉച്ചകോടിയില്‍ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് പ്രകാശനം ചെയ്യുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ രമേശ് ചെന്നിത്തല അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉച്ചകോടിയെ അഭിസംബോധന ചെയ്യും.

രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സെഷനില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴയ്ക്കന്‍, മുന്‍ ചീഫ് സെക്രട്ടറിയും പ്രതീക്ഷ 2030 സമ്മിറ്റ് സെക്രട്ടറി ജനറലുമായ ജിജി തോംസണ്‍, പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. ബി.എ. പ്രകാശ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ബി.എസ്.ഷിജു എന്നിവരും സംസരിക്കും. ഉദ്ഘാടനത്തിന് ശേഷം പ്രതിനിധികള്‍ക്ക് വികസനകാര്യത്തില്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നതിനും നേതാക്കളുമായി ആശയ വിനിമയം നടത്തുന്നതിനും പ്രത്യേക അവസരവും ഉണ്ടാകും.

അഞ്ച് ഘട്ടങ്ങള്‍ നീണ്ട കണ്‍സള്‍ട്ടേഷന്റെ സമാപനമാണ് ‘പ്രതീക്ഷ 2030’ വികസന സമ്മിറ്റ്. അടുത്ത പത്ത് വര്‍ഷത്തേക്കുള്ള കേരളത്തിന്‍റെ വികസന രൂപരേഖ തയ്യറാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ഒന്നാം ഘട്ടത്തില്‍ നടന്നത് പ്രവാസി മലയാളികളുമായുള്ള ആശയ വിനിമയമായിരുന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ മലയാളികളുമായുള്ളതായിരുന്നു രണ്ടാം ഘട്ട ആശയ വിനിമയം. മൂന്നാം ഘട്ടത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായി ആശയവിനിമയം നടത്തി. നാലാം ഘട്ടത്തില്‍ വിവിധ മേഖലകളിലെ വിദഗ്ധരുമായുള്ള ആശയവിനിമയമായിരുന്നു. ഓരോ ജനവിഭാഗവും ഓരോ മേഖലയും നേരിടുന്ന പ്രതിസന്ധികള്‍, അവ പരിഹരിക്കുതിനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് ഈ ആശയവിനിമയങ്ങളിലെല്ലാം ചര്‍ച്ചാവിഷയമായത്. ഇത്തരം കണ്‍സള്‍ട്ടേഷനുകളില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് തയ്യാറാക്കിയതാണ് ‘കേരള വികസന രേഖ’.

മുന്‍ കേന്ദ്രമന്ത്രിമാരായ പി.ചിദംബരം എം.പി, ജയറാം രമേശ്, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി, പുതുച്ഛേരി മുന്‍ മുഖ്യമന്ത്രി വി.നാരയണ സ്വാമി, സാം പിത്രോഡ തുടങ്ങിവയവരും വിവിധ ഘട്ടങ്ങളിലായി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ആശയവിനിമയ പരിപാടികളില്‍ പങ്കെടുത്തിരുന്നു.