പി.വി. അന്‍വറിന്‍റെ രാജി സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ച വിഷയമായിരുന്നു. ഇതോടെ ഉപ തിരഞ്ഞെടുപ്പിന്‍റെ സാധ്യതകളും മുന്നിലുണ്ട്. എന്നാല്‍ കേരള നിയമസഭയില്‍ രാജികളും ഉപതിരഞ്ഞെടുപ്പുകളും പുതിയ വിഷയങ്ങളല്ല. ഇതിനു മുമ്പും ചരിത്രം കുറിച്ച നിയമസഭകള്‍ ഉണ്ടായിട്ടുണ്ട്. ആ ചരിത്രത്തിലേക്ക് ഒന്ന് എത്തി നോക്കാം.
ഒന്നാം കേരള നിയമസഭ 1957ല്‍ നിലവില്‍ വന്നു. കേരള നിയമസഭയില്‍ ആദ്യമായി എം.എല്‍.എ സ്ഥാനം രാജി വയ്ക്കുന്നത് 1969 ലാണ്. മൂന്നാം കേരള നിയമസഭയില്‍ ആറ്റിങ്ങലില്‍ നിന്നുള്ള സിപിഎം അംഗമായിരുന്ന കോസല രാമദാസാണ് രാജികള്‍ക്ക് തുടക്കം കുറിച്ച വ്യക്തി. കമ്യൂണിസ്റ്റ് പാര്‍ട്ടി വിപ്ലവത്തിന് പോരാ എന്ന് പറഞ്ഞാണ് അദ്ദേഹം രാജിവച്ചത്. ഇതിനുശേഷം പല രാജികള്‍ ഉണ്ടായി. പലരും നിയമ സഭയില്‍ നിന്ന് പാർലമെന്‍റിലേക്ക് മല്‍സരിച്ചു ജയിച്ചതിന്‍റെ ഭാഗമായി രാജി വച്ചവരാണ്.
കേരള നിയമസഭാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ രാജികള്‍ ഉണ്ടായത് 2001-2006 കാലഘട്ടത്തിലാണ്. കെ. കരുണാകരന്‍റെ നേതൃത്വത്തില്‍ 9 എംഎല്‍എമാര്‍ രാജിവച്ച് ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ചരിത്രപരമായ സംഭവമായിരുന്നു. രാജികളുടെ ചരിത്രം അന്‍വറില്‍ എത്തി നില്‍ക്കുമ്പോള്‍ ‘നിലപാടികളുടെ രാജാവി’ന്‍റെ രാഷ്ട്രീയ യാത്ര ഏത് വഴിയിലേക്കാണ് കടക്കുന്നതെന്ന് അറിയാന്‍ ഇനി കേരളം കാത്തിരിക്കുകയാണ്.