വോട്ടര്‍മാരുടെ പേരുകള്‍ നീക്കിയ നടപടി; വി.ഡി സതീശന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി

Wednesday, May 22, 2019

VD-Satheesan

ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ക്രമരഹിതമായി വോട്ടര്‍മാരെ നീക്കം ചെയ്ത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശന്‍ എം.എല്‍.എ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാ റാം മീണയ്ക്ക് പരാതി നല്‍കി. വിവിധ നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യപ്പെട്ട 411 പേരുടെ ലിസ്റ്റാണ് നല്‍കിയത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരുടെ പേരുകളാണ് 2019 ഫെബ്രുവരിയില്‍ പുറത്തിറക്കിയ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. നിരവധി വോട്ടര്‍മാരുടെ പേരുകളാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്.

ജനപ്രാതിനിധ്യ നിയമത്തിലെ 22-ാം വകുപ്പ് അനുസരിച്ചുള്ള അന്വേഷണം നടത്തുകയോ നോട്ടീസ് നല്‍കുകയോ ചെയ്യാതെയാണ് വോട്ടർമാരുടെ പേരുകള്‍ നീക്കം ചെയ്തത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുകയും അതേ വീടുകളില്‍ ഇപ്പോഴും താമസിക്കുകയും ചെയ്യുന്നവരുടെ പേരുകളാണ് മനപൂര്‍വം വെട്ടി നീക്കിയത്. ദുരുദ്ദേശത്തോടെ മനപൂര്‍വമായി പേരുകള്‍ നീക്കം ചെയ്തത് ജനപ്രാതിനിധ്യ നിയമത്തിലെ 31, 32 വകുപ്പുകള്‍ അനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 177 വകുപ്പ് അനുസരിച്ചും ക്രിമിനല്‍ കുറ്റകൃത്യമാണ്.

തെരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ട ഡെപ്യൂട്ടി കളക്ടര്‍മാരുടെയും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെയും ഓഫീസ് കേന്ദ്രീകരിച്ചാണ് വെട്ടിനീക്കല്‍ നടത്തിയിട്ടുള്ളത്. നിയമമനുസരിച്ച് തെരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരായി കേസെടുക്കണമെങ്കില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി വേണം. ഈ കുറ്റകൃത്യത്തിന് നേതൃത്വം കൊടുത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ വെവ്വേറെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനും ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ പിടിച്ചെടുക്കാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.