മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി

Jaihind News Bureau
Tuesday, August 13, 2019

സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പിന്‍വലിച്ചു. മഴയുടെ തീവ്രത കുറയുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.  മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി. ഉരുൾപൊട്ടൽ വൻദുരന്തം വിതച്ച കവളപ്പാറയിൽ ഇന്നലെ ആറ് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ സംസ്ഥാനത്ത് മരണസംഖ്യ 90 ആയി. അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഉരുൾപൊട്ടൽ വൻദുരന്തം വിതച്ച കവളപ്പാറയിൽ നിന്ന് ആറ് മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിൽ 19 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതിനിടെ, ആശ്വാസമായി കാണാതായ നാല് പേർ ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും എത്തി. 63 പേരായിരുന്നു ഇവിടെ നിന്ന് കാണാതായവരുടെ പട്ടികയിൽ ആദ്യമുണ്ടായിരുന്നത്. ഇനി 40 പേരെയാണ് കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്.

അതേസമയം വയനാട്ടിലെ പുത്തുമലയിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. അതേസമയം വടക്കൻ ജില്ലകളിലടക്കം ഇന്നലെ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദം സംസ്ഥാനത്തുടനീളം മഴ പെയ്യിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. വ്യാഴാഴ്ചയോടെ മഴ കുറയും.

സംസ്ഥാനത്ത് 1551 ക്യാമ്പുകളിലായി 2.27 ലക്ഷം പേരാണുളളത്. അതിനിടെ, കനത്ത മഴയും ഉരുൾപൊട്ടലും നാശം വിതച്ച വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത മേഖലകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സന്ദർശനം നടത്തും.
വയനാട്ടിലെ പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറയിലും അടക്കം ഉരുൾപൊട്ടലിൽ സമാനതകളില്ലാത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. 44 വീടുകളാണ് കവളപ്പാറയിൽ നിന്ന് തുടച്ചുമാറ്റപ്പെട്ടത്. മഴ മാറി നിന്നതിനാൽ കൂടുതൽ സജീവമായ തെരച്ചിലാണ് ഇന്നലെ ഇവിടങ്ങളിൽ നടന്നത്. ഫയർഫോഴ്‌സ്, അഗ്‌നിശമനസേന, സന്നദ്ധസംഘടനകൾ എന്നിവ ആറ് യൂണിറ്റുകളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കനത്തമഴയെ തുടർന്നു താറുമാറായ ഷൊർണൂർ-കോഴിക്കോട് പാതയിലെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പാളങ്ങൾ ഗതാഗതയോഗ്യമാണെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണിത്. പാസഞ്ചർ ട്രെയിനുകളാണ് ആദ്യം കടത്തിവിടുക. ഇന്നു വൈകിട്ടോടെ ഗതാഗതം സാധാരണസ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.