ആശങ്കയായി മഴ വീണ്ടും ; നാളെ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Jaihind Webdesk
Tuesday, August 13, 2019

Rain-Kerala

തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ രണ്ട്  ജില്ലകളില്‍ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച (14-08-19) മലപ്പുറത്തും കോഴിക്കോടുമാണ് അതിതീവ്രമഴയ്ക്കുള്ള റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകള്‍ ഇന്ന് റെ‍ഡ് അലർട്ടിലാണുള്ളത്. നേരത്തെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന ഇവിടങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിക്കുകയായിരുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് നിലവില്‍ സംസ്ഥാനത്തെ വീണ്ടും ആശങ്കയിലേക്ക് തള്ളിവിടുന്നത്. അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിലെ റെഡ് അലർട്ടിന് പുറമെ ആറ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 16ന് ശേഷം സംസ്ഥാനത്ത് മഴ കുറയും.

വരും ദിവസങ്ങളില്‍ വിവിധ ജില്ലകളിലെ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ

റെഡ് അലര്‍ട്ട്

ഓഗസ്റ്റ് 13  – ആലപ്പുഴ, എറണാകുളം , ഇടുക്കി

ആഗസ്റ്റ് 14 – മലപ്പുറം, കോഴിക്കോട്

ഓറഞ്ച് അലര്‍ട്ട്

ആഗസ്റ്റ് 13 -കൊല്ലം , പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ

ആഗസ്റ്റ് 14 – ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ്

യെല്ലോ അലര്‍ട്ട്

ആഗസ്റ്റ് 13- കാസർഗോഡ്
ആഗസ്റ്റ് 14 – എറണാകുളം
ആഗസ്റ്റ് 15 – മലപ്പുറം, കണ്ണൂർ, കാസർഗോഡ്
ആഗസ്റ്റ് 16 – ഇടുക്കി, മലപ്പുറം, കണ്ണൂർ

റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.