ആർ.ബി.ഐ-സർക്കാർ പോര്: ഊർജിത് പട്ടേലിനെ ശാസിച്ച് ആർ.എസ്.എസ്

Jaihind Webdesk
Friday, November 2, 2018

കേന്ദ്ര സർക്കാരും റിസർവ്വ് ബാങ്കും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ആർ.ബി.ഐ ഗവർണർ ഊർജിത് പട്ടേലിനെ ശാസിച്ച് ആർ.എസ്.എസ് രംഗത്ത്. ആർ.എസ്.എസിനു കീഴിലെ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് നേതാവ് അശ്വനി കുമാറാണ് വിമർശനവുമായി രംഗത്തു വന്നിട്ടുള്ളത്. കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക നയങ്ങൾക്കനുസരിച്ച് ആർ.ബി.ഐ ഗവർണർ ഊർജിത് പട്ടേൽ പ്രവർത്തിക്കണമെന്നും ഇല്ലെങ്കിൽ രാജിവെച്ച് പുറത്തു പോകുന്നതാണ് ഉചിതമെന്നുമായിരുന്നു സംഘപരിവാർ സംഘടനയുടെ ശാസന.

ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിലാണ് ആർ.ബി.ഐ പ്രവർത്തിക്കുന്നത്. അച്ചടക്കത്തോടെ പ്രവർത്തിക്കാനാകില്ലെങ്കിൽ രാജിവെച്ച് പുറത്തുപോകുന്നതാണ് അഭികാമ്യം. സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന ചില പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രത്തിനൊപ്പം ആർ.ബി.ഐ പ്രവർത്തിക്കണം. സർക്കാരുമായുള്ള അഭിപ്രായഭിന്നതകൾ പൊതുവേദികളിൽ ഉന്നയിക്കുന്നതില നിന്ന് മറ്റ് ഉദ്യോഗസ്ഥരെ തടയാനും ഊർജിത് പട്ടേൽ തയ്യാറാകണം. ആർ.ബി.ഐ നിയമത്തിലെ എല്ലാ വകുപ്പുകളും ഉപയോഗിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും സംഘപരിവാർ നേതാവ് മഹാജൻ വ്യക്തമാക്കി. കേന്ദ്ര സർക്കാരുമായുള്ള ഭിന്നതയ്ക്കിടെ ആർ.ബി.ഐ ഗവർണർ ഊർജിത് പട്ടേൽ രാജിക്കൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് സംഘപരിവാറിന്‍റെ ശാസനയെന്നതും ശ്രദ്ധേയമാണ്. ആർ.ബി.ഐയും സർക്കാരും തമ്മിലുള്ള പോരിൽ വ്യക്തമായ നിലപാട് സ്വീകരിക്കുന്ന സംഘപരിവാർ സർക്കാരിനൊപ്പമെന്ന അടിയുറച്ച സമന്ദശമാണ് ആർ.ബി.ഐക്ക് നൽകുന്നത്.

പൊതുതാൽപര്യ പ്രകാരം ആർബിഐയുടെ പ്രവർത്തനങ്ങളിൽ സർക്കാരിനെ ഇടപെടാൻ അനുവദിച്ചുകൊണ്ടുളള ആർ.ബി.ഐ നിയമത്തിലെ ഏഴാം വകുപ്പ് ഉപയോഗിച്ച് സർക്കാർ അനാവശ്യമായി റിസർവ് ബാങ്കിന്‍റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നുവെന്നാണ് ഊർജിതിന്‍റെ പരാതി. വൻകിട വായ്പാ തട്ടിപ്പ് കൂടിയ സാഹചര്യത്തിൽ സാമ്പത്തിക അച്ചടക്ക നടപടികൾ ആർ.ബി.ഐ ശക്തിപ്പെടുത്തിയിരുന്നു. ഇത് മയപ്പെടുത്താൻ കേന്ദ്രം നിർദേശിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കേന്ദ്ര സർക്കാർ ഇടപെടലുകളെ വിമർശിച്ചുകൊണ്ട് ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നതോടെയാണ് ഭിന്നത പരസ്യമാകുന്നത്.

ബാങ്കുകളുടെ കിട്ടാക്കടവും കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക ബാധ്യതയും റിസർവ് ബാങ്കിന്‍റെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കത്തിനെതിരെയും ബാങ്ക് തലപ്പത്ത് കടുത്ത് എതിർപ്പാണുള്ളത്. ബാങ്കുകളുടെ മൂലധനമുയർത്തുന്ന കാര്യത്തിലും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നയങ്ങളിലും കേന്ദ്ര സർക്കാർ നേരിട്ട് ഇടപെട്ടതും ആർബിഐ തലപ്പത്ത് കടുത്ത വിയോജിപ്പുയർത്തിക്കഴിഞ്ഞു. ബാങ്കിനു സ്വയംഭരണാവകാശം നിഷേധിക്കുന്നത് ആപൽക്കരമാണെന്നായിരുന്നു ആചാര്യയുടെ മുന്നറിയിപ്പ്.

നയതീരുമാനങ്ങളിൽ സർക്കാർ ചെലുത്തുന്ന സമ്മർദത്തിനെതിരെ ബാങ്കിൽ രൂപപ്പെടുന്ന അസ്വസ്ഥകളിലേയ്ക്കു കൂടി ഇത് വിരൽചൂണ്ടുന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം കിട്ടാക്കടം 20 ലക്ഷം കോടി രൂപയിലേറെയായിട്ടുണ്ട്. ചെറിയ ഇടവേളകളിൽ വിലയിരുത്തൽ നടത്തി കിട്ടാക്കടം പെരുകുന്നതു തടയാൻ റിസർവ് ബാങ്കിനും സർക്കാരിനുമായില്ല. തെിനിടെ കോടികൾ വായ്പയെടുത്ത് കോർപ്പറേറ്റ് ഭീന്മാർ മുങ്ങിയതും സർക്കാരിന്‍റെ അറിവോടെയാണെന്ന ആരോപണവും നിലനിൽക്കുന്നു.