പ്രളയ ബാധിത പ്രദേശങ്ങളില്‍ എലിപ്പനി സാധ്യതാ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Jaihind Webdesk
Thursday, August 30, 2018

പ്രളയം ബാധിച്ച വിവിധ ജില്ലകളിൽ എലിപ്പനിക്ക് സാധ്യതയുള്ളതായി ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. തൃശൂർ മുതൽ കണ്ണൂർ വരെയുള്ള വടക്കൻ കേരളത്തിലാണ് എലിപ്പനിക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

പ്രളയത്തെതുടർന്ന് വിവിധ ജില്ലകളിൽ എലിപ്പനിക്ക് സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് അഡി. ഡയറക്ടർ പുറത്തിറക്കിയ ഉത്തരവാണിത്. ചിലയിടങ്ങളിൽ ഇതിനകം തന്നെ എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്.

തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. പ്രളയത്തിൽ കുടുങ്ങിപ്പോയവർക്കും, പ്രളയത്തിനിടെ ഈ വെള്ളവുമായി സമ്പർക്കം പുലർത്തിയവർക്കും എലിപ്പനിക്ക് സാധ്യതയുള്ളതായി റിപ്പോർട്ട് ചുണ്ടിക്കാട്ടുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കും മുന്നറിയിപ്പ് ബാധകമാണ്. ശരീരവേദന ഉൾപ്പടെ ഏതെങ്കിലും തരത്തിലുള്ള അസുഖം ബാധിക്കുന്നവർ ഡോക്ടറെ കണ്ട് ചികിത്സ തേടണമെന്നും നിർദ്ദേശമുണ്ട്. ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കാൻ വിവിധ ജില്ലകളിലെ മെഡിക്കൽ ഒഫീസർമാർക്ക് ആരോഗ്യവകുപ്പ് അഡീ. ഡയറക്ടർ നിർദ്ദേശം നൽകി.