സംസ്ഥാനത്ത് ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, July 10, 2019

സംസ്ഥാനത്ത് ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സംസ്ഥാന സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ്. വൈദ്യുതി ബോർഡ് അഴിമതിയുടെ കേന്ദ്രമായി മാറിയെന്നും കാരുണ്യ ലോട്ടറിയിലൂടെ ലഭിക്കുന്ന പണം പോലും സർക്കാർ തട്ടിയെടുക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. നികുതി വർദ്ധിപ്പിച്ചും വില വർദ്ധനവുമുണ്ടാക്കിയും ഇരു സർക്കാരും ജനങ്ങളെ ദ്രോഹിക്കുന്നുവെന്നും കേന്ദ്രത്തിന്‍റെ ബജറ്റ് കേരളത്തിന് ഇരുട്ടടിയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷം ജനങ്ങളെ ചൂക്ഷണം ചെയ്യുകയാണ്. വൈദ്യുതി നിരക്ക് ഇത്രയധികം വർദ്ധിപ്പിച്ച കാലഘട്ടം ഇതിന് മുമ്പുണ്ടായിട്ടില്ല. വൈദ്യുതി ബോർഡ് അഴിമതിയുടെ കേന്ദ്രമായി മാറിയെന്നും ബോർഡിന്‍റെ പിടിപ്പുകേട് ജനങ്ങളുടെ തലയിൽ വെക്കാനാണ് സർക്കാർ ശ്രമമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കാരുണ്യ പദ്ധതിയുമായുള്ള വിഷയത്തിൽ മന്ത്രിമാർ രണ്ട് തട്ടിലാണ്. കാരുണ്യ ലോട്ടറിയിലൂടെ ലഭിക്കുന്ന പണം പോലും സർക്കാർ തട്ടിയെടുക്കുകയാണ്. കാരുണ്യ നിലനിർത്താൻ സർക്കാർ തയ്യാറാകണമെന്നും പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കുമായി ഏർപ്പെടുത്തിയ മെഡിസെപ് ആരോഗ്യ ഇൻഷുറൻസും പാളിയ അവസ്ഥയാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം വിവിധ വിഷയങ്ങളുന്നയിച്ച് ജൂലൈ 18 ന് യുഡിഎഫ് എം.എൽ.എമാർ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ്ണ നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.