തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് പുനരാരംഭിക്കണം; ധനമന്ത്രിയ്ക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

Jaihind News Bureau
Friday, October 23, 2020

തിരുവനന്തപുരം: ത്രിതല തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിറുത്തിവയ്ക്കുന്നതിനായി സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടര്‍ നല്‍കിയിട്ടുള്ള കത്ത് റദ്ദാക്കി ഓഡിറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധനമന്ത്രി തോമസ് ഐസക്കിന് കത്ത് നല്‍കി.

അടിസ്ഥാന രഹിതമായ കാരണങ്ങള്‍ പറഞ്ഞ് ഈ നിയമവിരുദ്ധ ഉത്തരവ് പുറപ്പെടുവിച്ച ഓഡിറ്റ് വകുപ്പ് ഡയറക്ടര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാല്‍ ലൈഫ് പദ്ധതിയിലടക്കമുള്ള അഴിമതി മൂടി വയ്ക്കുന്നതിനാണ് ഓഡിറ്റിംഗ് നിര്‍ത്തി വച്ചത്.

തദ്ദേശ സ്ഥാപനങ്ങളുടെ 2019-20 സാമ്പത്തികവര്‍ഷത്തെ ഓഡിറ്റിംഗ് നിറുത്തിവയ്ക്കുന്നതിനുവേണ്ടി സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടര്‍ 04.09.2020 ന് നല്‍കിയിട്ടുള്ള കെ.എസ്.എ.793/എസ്.എസ്.3/2020 നമ്പര്‍ കത്ത് സംസ്ഥാനത്തെ ത്രിതല തദ്ദേശഭരണ സ്ഥാപനങ്ങളെ സാമ്പത്തിക അരാജകത്വത്തിലേക്ക് തളളിവിടുമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

പതിനഞ്ചാം ധനകാര്യകമ്മീഷന്റെ ഗ്രാന്റ് ലഭ്യമാക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നാളിതുവരെ പുറപ്പെടുവിക്കാത്ത സാഹചര്യത്തില്‍ 2019-20 വര്‍ഷത്തെ ഓഡിറ്റ് നടപടികള്‍ താത്ക്കാലികമായി നിര്‍ത്തി വയ്ക്കുന്നു എന്നാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ കത്തില്‍ പറയുന്നത്. മന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിലും ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2020 ജൂണ്‍ 1 ന് തന്നെ പ്രസിദ്ധീകരിച്ചിരുന്നു എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എല്ലാ സംസ്ഥാനങ്ങള്‍ക്കും അതിന്റെ പകര്‍പ്പും അയച്ചു കൊടുത്തിട്ടുമുണ്ട്.

കൂടാതെ കേന്ദ്രം വികസിപ്പിച്ച ‘ഓഡിറ്റ് ഓണ്‍ലൈന്‍’ എന്ന പ്ലാറ്റ്ഫോമില്‍ തന്നെ നിശ്ചിത ശതമാനം പഞ്ചായത്തുകളുടെ ഓഡിറ്റിംഗ് നടത്തണമെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം നിര്‍ദ്ദേശിച്ചത് കാരണമാണ് സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളുടെയും ഓഡിറ്റിംഗ് നിറുത്തിയതെന്ന മന്ത്രിയുടെ ന്യായവാദവും ശരിയല്ല. കേരളത്തില്‍ നൂറ് ശതമാനവും ഓഡിറ്റിംഗ് നേരത്തെ തന്നെ സംസ്ഥാനം വികസിപ്പിച്ച എ.ഐ.എം.എസ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ഈ പ്രത്യേകത കണക്കിലെടുത്ത് കേന്ദ്ര നിബന്ധനയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. 9.10.2020 ല്‍ കേന്ദ്രപഞ്ചായത്തീരാജ് മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി താരാ ചന്ദ്രര്‍ കേരളത്തിന് അയച്ച കത്തില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ വിവരവും മന്ത്രി മനപൂര്‍വ്വം മറച്ചവയ്ക്കുകയാണ്.

സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ അഴിമതിയും, ക്രമക്കേടും തടയുന്നതിനും, ഫലപ്രദമായ പദ്ധതി നിര്‍വ്വഹണം സാധ്യമാക്കുന്നതിനും ലോക്കല്‍ ഫണ്ട് ഓഡിറ്റിംഗ് സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈ നിയമാനുസൃതമായ ഓഡിറ്റിംഗ് രീതി ഇപ്പോള്‍ ധൃതിപിടിച്ച് നിറുത്തുന്നത് ലൈഫ് അടക്കമുള്ള പദ്ധതി നിര്‍വ്വഹണങ്ങളില്‍ ഉയര്‍ന്നിട്ടുള്ള ക്രമക്കേടുകളും, അഴിമതിയും മറച്ചുവയ്ക്കാനാണ്. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സാമ്പത്തിക സുതാര്യതയും, അച്ചടക്കവും ഓഡിറ്റിംഗിലൂടെ ഉറപ്പാക്കാന്‍ ഉത്തരവാദപ്പെട്ട ഒരു സ്ഥാപനം തന്നെ ഇത്തരത്തില്‍ നിയമലംഘനത്തിനുള്ള പരസ്യനിലപാട് സ്വീകരിക്കുന്നത് സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യത്തിന് ഒട്ടും യോജിച്ചതല്ല. മാത്രമല്ല, സംസ്ഥാനത്തെ വിവിധ പദ്ധതിനിര്‍വ്വഹണങ്ങളില്‍ സാമൂഹ്യഓഡിറ്റിംഗ് അടക്കമുള്ള കാര്യങ്ങള്‍ക്കായി നിരന്തരം നിലകൊള്ളുന്ന ധനമന്ത്രി ഇക്കാര്യത്തില്‍ ഓഡിറ്റ് വകുപ്പ് ഡയറക്ടര്‍ സ്വീകരിച്ച നിലപാടിനെ ന്യായീകരിച്ചത് തികച്ചും അനുചിതമാണെന്നും രമേശ് ചെന്നിത്തല കത്തില്‍ പറഞ്ഞു.