ശബരിമലയിലെ 144 ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

Jaihind Webdesk
Thursday, November 22, 2018

pinarayi-vijayan-ramesh-chennithala

തിരുവനന്തപുരം: ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കും ഇതേ ആവശ്യം ഉന്നയിച്ച് രമേശ് ചെന്നിത്തല കത്ത് നല്‍കിയിരുന്നു.

144 പ്രഖ്യാപിച്ചത് ഭക്തജനങ്ങളെ ശബരിമലയില്‍ നിന്ന് അകറ്റാന്‍ മാത്രമെ സാഹായിച്ചിട്ടുള്ളു എന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമലയില്‍ ഭയത്തിന്റെ അന്തരീക്ഷമാണ് ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത്. കേരളത്തിന് വെളിയില്‍ നിന്നും ദര്‍ശനത്തിനായി വരുന്ന ഭക്തര്‍ക്ക് ഭയം കാരണം ദര്‍ശനം നടത്താതെ മടങ്ങിപ്പോകേണ്ടി വരുന്ന അവസ്ഥയും നിലനില്‍ക്കുന്നു. പതിനാറായിരം പൊലീസുകാരെയാണ് ഇപ്പോള്‍ അവിടെ വിന്യസിച്ചിരിക്കുന്നത്. ഇത് ഭീകരാന്തരീക്ഷമാണ് ഇത് മൂലം അവിടെ സംജാതമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ആര്‍ എസ് എസ് – സംഘപരിവാര്‍ ശക്തികള്‍ക്ക് രാഷ്ട്രീയ- വര്‍ഗീയ മുതലെടുപ്പിനുള്ള അവസരമാണ് ഇതുവഴി സര്‍ക്കാര്‍ സൃഷ്ടിച്ച് നല്‍കിയിരിക്കുന്നത്. അവര്‍ അഴിച്ചു വിടുന്ന അക്രമണത്തിന് ലക്ഷക്കണക്കിന് ഭക്തരെ ശിക്ഷിക്കുന്ന്ത് ശരിയല്ല. അക്രമികളെ നിലയ്ക്കു നിര്‍ത്തണം. പക്ഷേ അതിന്റെ പേരില്‍ യഥാര്‍ത്ഥ ഭക്തരെ തടയുന്നത് ശരിയല്ല. ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായാണ് അവിടെ 144 പ്രഖ്യാപിക്കുന്നത്. നാല്‍പ്പത്തിയൊന്ന് ദിവസത്തെ വൃതം നോറ്റു അവിടെ എത്തുന്ന ഭക്തരോട് തീവ്രവാദികളോടെന്ന പോലെയാണ് പൊലീസ് പെരുമാറുന്നത്.

ശബരിമലയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഭക്തരുടെ ഒഴുക്കില്ലാത്ത ഇപ്പോഴത്തെ അവസ്ഥയുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ഇക്കാലത്ത് 5 ലക്ഷത്തിലധികം പേര്‍ സന്നിധാനത്തെത്തിയിരുന്നെങ്കില്‍ ഇത്തവണ അത് 74000 ആയി ചുരുങ്ങി. അതോടെ നടവരവിലും, അപ്പം അരവണ തുടങ്ങിയവയുടെ വില്‍പ്പനയിലും ഗണ്യമായ കുറവുണ്ടായി. നിരോധനാജ്ഞ പിന്‍വലിച്ചില്ലെങ്കില്‍ അത് ശബരിമലയെ തകര്‍ക്കുമെന്നും ഭക്തരെ പൂര്‍ണ്ണമായി അകറ്റുമെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 144 പ്രഖ്യാപിച്ചത് കൊണ്ട് ഭക്തര്‍ക്ക് രാത്രി 11 മണിക്ക് ശേഷം ശബരിമലയില്‍ തങ്ങാന്‍ കഴിയുന്നില്ല. ഇത് മൂലം നെയ്യഭിഷേകം നടത്താനും കഴിയുന്നില്ല. ഇത് ഭക്തര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും അ്ദദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.