ഓർഡിനന്‍സിലെ ഒപ്പ് അഴിമതിക്കെതിരായ പോരാട്ടത്തിന്‍റെ അന്ത്യകൂദാശ; രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

ആലപ്പുഴ: ലോകായുക്ത ഓർഡിനൻസില്‍ ​ഗവർണർ ഒപ്പ് വെച്ചതിലൂടെ അഴിമതിക്ക് എതിരായ അവസാനത്തെ വാതിലും അടച്ചെന്ന്  കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷയം ഘടകകക്ഷികളെ പോലും ബോധ്യപ്പെടുത്താൻ സർക്കാരിന് ആയിട്ടില്ലെന്നും അഴിമതിക്ക് എതിരായ പോരാട്ടത്തിന്‍റെ അന്ത്യകൂദാശയാണ് നടന്നതെന്നും അദ്ദേഹം ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മികച്ച പാർലമെന്‍റേറിയന്‍ ആയിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്തയുടെ പരിഗണനയിൽ ഇരിക്കെ ഇത്തരമൊരു ഓർഡിനൻസ് കൊണ്ടുവന്നത് അധികാരദുർവിനിയോഗം ആണ്. ഒരു പേഴ്സണല്‍ സ്റ്റാഫിന് വേണ്ടി ഗവർണര്‍ എല്ലാം മറന്നെന്നും ഗവർണർ- മുഖ്യമന്ത്രി കൂട്ടുകച്ചവടം ആണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത് കറുത്ത ഓർഡിനൻസ് ആണെന്നും രാഷ്ട്രപതിയുടെ അംഗീകാരം ഇല്ലാതെ ഇത് നിലനില്‍ക്കില്ലെന്നും  രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. പിണറായി വിജയന്‍ പല്ല് മുഴുവന്‍ പറിച്ചെടുത്ത ലോകായുക്തയെ പിരിച്ചുവിടുകയാണ് നല്ലത്. ഈ കരിനിയമം അംഗീകരിക്കാൻ കഴിയില്ല. ആലോചിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകും. ഉന്നതവിദ്യാഭ്യാസമന്ത്രി  ആർ ബിന്ദുവിന് എതിരായ ലോകായുക്ത കേസ് റിവ്യൂ അംഗീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയിൽ പോകും. മന്ത്രി ബിന്ദു അധികാര ദുർവിനിയോഗം നടത്തി എന്നത് വ്യക്തമാണ്.

സ്വർണ്ണക്കടത്ത് കേസിൽ പ്രതിപക്ഷം നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. അതുകൊണ്ട് കേസ് ഒരിടത്തും എത്തിയില്ല. സ്വപ്ന വെളിപ്പെടുത്തിയ കാര്യങ്ങളില്‍ പുനഃരന്വേഷണം നടത്തണം. ഒരന്വേഷണ എജൻസിയെയും വിശ്വസിക്കാനാകുന്ന സാഹചര്യമല്ല നിലവിലുള്ളത്. കേരളം കണ്ട ഏറ്റവും വലിയ ഏകാധിപതി ആയി മുഖ്യമന്ത്രി മാറിയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Comments (0)
Add Comment