പ്രളയബാധിത പ്രദേശങ്ങളിലെ പരാതികളില്‍ പരിഹാരമില്ല; രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്

Friday, May 3, 2019

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളില്‍ പ്രതിപക്ഷ നേതാവ് നടത്തിയ സന്ദര്‍ശനത്തില്‍  തനിക്ക്   ലഭിച്ച പരാതികള്‍ ബന്ധപ്പെട്ട കളക്റ്റര്‍മാര്‍ക്ക് നല്‍കി മൂന്ന് മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തത് ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല   പറഞ്ഞു.

2018 ഡിസംബര്‍    18  മുതല്‍  2019  ഫെബ്രുവരി 2 വരെ സംസ്ഥാനത്തെ 6 ജില്ലകളിലെ  പ്രളയബാധിതമായ 10 താലൂക്കുകളില്‍  സന്ദര്‍ശനം നടത്തി    സ്വീകരിച്ച പരാതികളാണ്  പ്രതിപക്ഷ നേതാവ് ബന്ധപ്പെട്ട  ജില്ലാ കളക്റ്റര്‍മാര്‍ക്ക് കൈമാറിയിരുന്നത്. അതോടൊപ്പം

പ്രളയ ബാധിതരുടെ ദുരിതാശ്വാസ വിതരണം വേഗത്തിലും സുതാര്യവുമാക്കാന്‍ ഒരു ട്രിബുണല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട്  ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.  ഇതേ തുടര്‍ന്ന്  പ്രളയ ബാധിതരുടെ പരാതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പുകല്പിക്കാന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തുകയും, പരാതികള്‍ സ്വീകരിക്കേണ്ട അവസാനതീയതി  നീട്ടി നല്‍കാനും ഹൈക്കോടതി ഉത്തരവ് നല്‍കി.

പ്രതിപക്ഷ നേതാവിന് ലഭിച്ച പതിനായിരത്തോളം പരാതികള്‍ ബന്ധപ്പെട്ട കളക്ടര്‍മാര്‍ക്ക് കൈമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും  ഇവ പരിശോധിച്ച് നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അലംഭാവമാണ് കാട്ടിയത്. പരാതിയുടെ    നിലവിലെ സ്ഥിതി അറിയാന്‍ ചെല്ലുന്നവരോട്  വളരെ മോശമായ സമീപനമാണ് കളക്ടര്‍മാരുടെ  ഓഫീസില്‍ നിന്നും ലഭിക്കുന്നതെന്ന പരാതി വ്യാപകമാണ് . ഇത് പ്രളയ ബാധിതരെ അവഹേളിക്കുന്നതിന് തുല്യമാണ്. കോടതി വിധി ഉണ്ടായിട്ടു പോലും  അശ്വാസം നല്‍കാതെ സര്‍ക്കാര്‍ പ്രളയബാധിതരെ അവഗണിക്കുന്നതിനെ തുടര്‍ന്നാണ് ഇത് ചൂണ്ടിക്കാട്ടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

സുതാര്യവും സമയബന്ധിതവുമായ നഷ്ടപരിഹാര വിതരണത്തിന് ട്രൈബ്യുണില്‍  വരേണ്ടതിന്റെ ആവശ്യകത കോടതിയെ ബോധ്യപ്പെടുത്തും. ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.