ശബരിമല: പ്രധാനമന്ത്രിയുടേത് മുതലക്കണ്ണീര്‍; മോദിയുടേത് ഭക്തജനങ്ങളെ വഞ്ചിക്കുന്ന നിലപാടെന്നും രമേശ് ചെന്നിത്തല

Jaihind Webdesk
Friday, April 19, 2019

Ramesh-Cehnnithala

വിശ്വാസ സംരക്ഷണത്തിനായി ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭക്തജനങ്ങളെ കബളിപ്പിക്കാനും വഞ്ചിക്കാനുമാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ മോദി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും അദ്ദേഹം വ്യക്തമാക്കി.

വീണ്ടും അധികാരത്തില്‍ വന്നാല്‍ കോടതി മുതല്‍ പാര്‍ലമെന്‍റ് വരെ വിശ്വാസസംരക്ഷണത്തിനായി പോരാടുമെന്ന് പറയുന്ന മോദി, വിധി വന്നപ്പോള്‍ എവിടെയായിരുന്നുവെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ശബരിമല യുവതീപ്രവേശന വിധി വന്ന ശേഷം റിവ്യു ഹര്‍ജി കൊടുക്കാന്‍ തയാറാകാത്ത മോദിയും ബി.ജെ.പിയും ഇപ്പോള്‍ മുതലക്കണ്ണീരാണ് വിശ്വാസികള്‍ക്ക് വേണ്ടി ഒഴുക്കുന്നതെന്നും കേരളത്തിലെ ജനങ്ങളെ ഇതുകൊണ്ടൊന്നും പറ്റിക്കാമെന്ന് കരുതേണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

കോണ്‍ഗ്രസ് മാത്രമാണ് ആചാര സംരക്ഷണത്തിനായി സുപ്രീം കോടതിയില്‍ റിവ്യു ഹര്‍ജി നല്‍കിയതെന്നും യുവതീപ്രവേശനത്തിനായി കേസ് നല്‍കിയ ആര്‍.എസ്.എസുകാരെ പിന്തിരിപ്പിക്കാന്‍ മോദി തയാറാകാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.

ശബരിമല വിഷയം സുവര്‍ണാവസരമാക്കി വര്‍ഗീയത ഇളക്കിവിടാനാണ് ബി.ജെ.പി ശ്രമിച്ചത്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി സംസ്ഥാനത്തിന്‍റെ സ്വൈര്യ ജീവിതം തകര്‍ത്തത് സംഘപരിവാറും സി.പി.എമ്മുമാണെന്നും അദ്ദേഹം വ്യക്തമാക്കി.