ഗവർണർ സ്ഥാനത്തെ ആരിഫ് മുഹമ്മദ് ഖാൻ മാനിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, December 24, 2019

ഗവർണർ സ്ഥാനത്തെ ആരിഫ് മുഹമ്മദ് ഖാൻ മാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർ രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ സംസാരിക്കാൻ പാടില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്‍റെ ഔന്നത്യം പാലിച്ച് വേണം ഗവർണർ അഭിപ്രായങ്ങൾ പറയേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേ സമയം 29 ന് നടക്കുന്ന സർവ്വകക്ഷി യോഗത്തിൽ യുഡിഎഫ് പങ്കെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ല് സംബന്ധിച്ച ഗവർണറുടെ നിലപാടിനെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.
ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനത്തെ മാനിക്കണം. കെ.കരുണാകരന്‍റെ അനുസ്മരണ ചടങ്ങിൽ ഗവർണറെ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനം ശരിയാണ്. എന്ത് കൊണ്ട് ഗവർണറുടെ കാര്യത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്നും
ഗവർണർക്കെതിരെ ശക്തമായ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, സമരം ചെയ്ത കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടി അംഗീകരിക്കാനാകാത്തതാണ്. സംസ്ഥാന സർക്കാർ നരേന്ദ്ര മോദിയുടെ പാദ സ്വീകരിക്കരുത്. യെദ്യൂരപ്പയുടെ നടപടി പിണറായിയും നടപ്പിലാക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ ജനുവരി 6ന് എറണാകുളത്തും 7ന് കോഴിക്കോടും പൊതുയോഗങ്ങൾ നടത്തും.
തുടർ സമര പരിപാടികൾക്ക് ഡിസംബർ 31 ന് യുഡിഎഫ് യോഗം രൂപം നൽകും.

https://youtu.be/4eMo-OVxYyM