ചൈത്ര തെരേസ ജോണിനെതിരായ നടപടി പ്രതിഷേധാര്‍ഹം: രമേശ് ചെന്നിത്തല

webdesk
Saturday, January 26, 2019

പൊലീസ് സ്റ്റഷന്‍ ആക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തരെ പിടികൂടാൻ സി.പി.എം തിരുവനന്തപുരം  ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്ര തരേസെ ജോണിനെതിരായ നടപടി  പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്ത്രീ പീഡകരേയും, ഗുണ്ടകളെയും, സാമൂഹ്യ വിരുദ്ധരെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്‍റെ പ്രകടമായ തെളിവാണിതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോലിസ് സ്റ്റേഷൻ ആക്രമിച്ച സി.പി.എം പ്രവര്‍ത്തരെ പിടിക്കാന്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതിന്‍റെ പേരിലാണ് ഉദ്യോഗസ്ഥയെ ക്രൂശിക്കുന്നത്.
ഇത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്.

നാഴികയ്ക്ക് നാല്‍പത് വട്ടം സ്ത്രീസുരക്ഷയുടെ പേരില്‍ വാചാലരാകുന്ന സര്‍ക്കാരാണ് ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തന്‍റെ ഉത്തരവാദിത്വം നിറവേറ്റിയെന്ന പേരില്‍ സാമാന്യ മര്യാദ പോലും കാണിക്കാതെ സ്ഥലം മാറ്റിയത്. ഇത് പോലെ പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് വഴങ്ങിയില്ലെന്ന പേരിലാണ് മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്ന തിരുവനന്തപുരം കമ്മീഷണറെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തല്‍സ്ഥാനത്ത് നിന്നും നീക്കിയത്. ഇതെല്ലാം പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർക്കുന്ന നടപടിയാണെന്നും ചൈത്ര തെരേസ ജോണിന് നേരെയുണ്ടായ നീതി നിഷേധത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

ramesh chennithala