സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന വിദേശയാത്ര ധൂര്‍ത്തെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഔദ്യോഗിക യാത്രകളിൽ കുടുംബാംഗങ്ങളെ കൊണ്ടു പോകുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. നേരിട്ട് ജപ്പാനിലേക്ക് പോകാൻ സാധിക്കുമായിരുന്നിട്ടും മുഖ്യമന്ത്രിയും സംഘവും ദുബായ് വഴിയാണ് പോയത്. ദുബായിൽ ഒരു ദിവസം തങ്ങുകയും ചെയ്തു. ഇതും ധൂർത്തിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ 23 നാണ് 12 ദിവസത്തെ ജപ്പാന്, കൊറിയ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും പുറപ്പെട്ടത്. നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടാണ് യാത്ര എന്നാണ് ഔദ്യോഗിക വിശദീകരണം. മന്ത്രിമാരായ ഇ പി ജയരാജന്, എ കെ ശശീന്ദ്രന്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് ഡോ വി കെ രാമചന്ദ്രന്, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരും കുടുംബാംഗങ്ങള്‍ക്ക് പുറമേ മുഖ്യമന്ത്രിയോടൊപ്പമുണ്ട്.