സിപിഎം രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് ആശയ ദാരിദ്ര്യം നേരിടുന്നത് കൊണ്ടെന്ന് രമേശ്‌ ചെന്നിത്തല

webdesk
Wednesday, April 3, 2019

കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്നതിനു മുന്നോടിയായി കോഴിക്കോട് യുഡിഫ് നേതൃയോഗം ചേർന്നു. തെരഞ്ഞെടുപ്പിൽ സിപിഎം ആശയ ദാരിദ്ര്യം നേരിടുന്നത് കൊണ്ടാണ് രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല വ്യക്തമാക്കി.

വയനാട് പാർലമെന്‍റ് മണ്ഡലത്തിൽ നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിനു മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താനാണു കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കോഴിക്കോട് യുഡിഫ് യോഗം ചേർന്നത്. എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ, മുകുൾ വാസ്നിക്ക്, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലിം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, ഡിസിസി പ്രസിഡന്‍റുമാരായ ഐ.സി.ബാലകൃഷ്ണൻ, ടി. സിദ്ധിഖ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. രാഹുൽ ഗാന്ധിയുടെ സന്ദർശനം സംബന്ധിച്ച ഒരുക്കങ്ങൾ പൂർത്തിയായതായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ സിപിഎം ആശയ ദാരിദ്ര്യം നേരിടുകയാണ്. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത്. ഇടതു മുന്നണിയുടെ രാഹുൽ ഗാന്ധിയോടുള്ള വിമർശനം ദൗർഭാഗ്യകരം ആണ് എന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വരവോടെ കേരളത്തിൽ 20 സീറ്റും കോൺഗ്രസ്‌ നേടുമെന്നും അദ്ദേഹം വ്യക്തമാക്കി