സ്വർണ്ണക്കടത്ത് കേസില്‍ നാണംകെട്ട മുഖ്യമന്ത്രി മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്‍റെയും മേല്‍ കുതിരകയറുന്നു ; ഭീഷണി വിലപ്പോവില്ലെന്ന് രമേശ് ചെന്നിത്തല

 

തിരുവനന്തപുരം : അഴിമതി സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിക്കുന്ന മാധ്യമപ്രവർത്തകരെ ശകാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട് നാണംകെട്ട് കഴിയുന്ന മുഖ്യമന്ത്രി മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്‍റെയും മേല്‍ കുതിര കയറുകയാണ് ചെയ്യുന്നത്. അഴിമതി സംബന്ധിച്ച ചോദ്യങ്ങളുയരുമ്പോള്‍ ഭീഷണിപ്പെടുത്തുന്നത് വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമായതാണ്. ഇന്ത്യയുടെ ചരിത്രത്തിലെങ്ങും ഒരു മുഖ്യമന്ത്രിക്ക് ഇത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ദേശീയ അന്വേഷണ ഏജന്‍സി എത്തിയിരിക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. അന്വേഷണ ഏജന്‍സി കണ്ടെത്തിയ കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ എന്താണ് തെറ്റ്. മാധ്യമപ്രവര്‍ത്തകർ ചോദ്യം ചോദിക്കരുതെന്നാണോ മുഖ്യമന്ത്രിയുടെ ആവശ്യമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

‘മുഖ്യമന്ത്രിക്ക് മാധ്യമ പ്രവർത്തകരെ കാണുന്നത് ചതുർത്ഥിയാണ്. ഏത് ഉപജാപക സംഘത്തെക്കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നത്. കെട്ടിച്ചമച്ച കേസാണോ സ്വർണ്ണ കള്ളക്കടത്ത്. യഥാർത്ഥത്തിൽ ഉപജാപക സംഘം മുഖ്യമന്ത്രിയുടെ ഓഫീസാണ്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിർണ്ണായക സ്വാധീനമെന്ന് എൻ.ഐ.എ ആണ് പറഞ്ഞത്. എൻ.ഐ.എ കോടതിയിൽ പറയുന്നത് മാധ്യമങ്ങൾ പുറത്ത് പറയരുതെന്നാണോ മുഖ്യമന്ത്രി പറയുന്നത്?’ – രമേശ് ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി വരെ മാധ്യമ പ്രവർത്തകരെ അപമാനിക്കുന്നു. സ്ത്രീകളായ മാധ്യമ പ്രവർത്തകരെ വരെ സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുന്നു. അന്തം വിട്ട പ്രതി എന്തും ചെയ്യും എന്ന അവസ്ഥ. ഭീഷണി വിലപ്പോവില്ലെന്നും സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

Comments (0)
Add Comment