മുഖ്യമന്ത്രി ജനവിധി അംഗീകരിക്കുന്നില്ല: രമേശ് ചെന്നിത്തല 

Jaihind Webdesk
Saturday, May 25, 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ജനവിധി മുഖ്യമന്ത്രി അംഗീകരിക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം വ്യക്തമാക്കുന്നതെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  മറിച്ച് ജനങ്ങള്‍ക്ക് എന്തോ തെറ്റ് പറ്റിപ്പോയി. അതുകൊണ്ടുണ്ടാണ്  വിധി ഇങ്ങനെയായത് എന്നാണ് അദ്ദേഹം പറയുന്നത്.  തങ്ങള്‍ക്ക് ഒരു തെറ്റും പറ്റിയിട്ടില്ല തങ്ങളുടെ ശൈലി മാറ്റില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങളുടെയും ആഗ്രഹം മുഖ്യമന്ത്രി ശൈലി മാറ്റരുത്  എന്നാണ്. ഇതേ ശൈലിയില്‍ തന്നെ മുഖ്യമന്ത്രി മുന്നോട്ട് പോകണം.

മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണ്. ഈ വിധി മോദി സര്‍ക്കാരിനും പിണറായി സര്‍ക്കാരിനും എതിരായിട്ടുള്ള ജനവിധിയാണ്. അത് മറച്ചുവയ്ക്കാന്‍ എത്ര ശ്രമിച്ചാലും നടക്കില്ല.  പ്രവര്‍ത്തിക്കാത്ത സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരിനെതിരായ ശക്തമായ ജനവികാരം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.  അത് മനസ്സിലാകാത്ത ഒരേയൊരു വ്യക്തി കേരളത്തിലെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് ഈ ജനവിധിയില്‍നിന്ന് ഒരു പാഠവും പഠിക്കാന്‍ താത്പര്യമില്ല.  ഇത്രയും വലിയ ജനവിധി കിട്ടിയിട്ടും തിരുത്തലുകള്‍ക്ക് തയ്യാറല്ല എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ആ മുന്നണിയുടെ  അപചയത്തിന്റെ ആഴം എത്രമാത്രം വലുതാണെന്ന് മനസ്സിലാക്കണം.

ശബരിമല തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നെങ്കില്‍ ബിജെപി പത്തനംതിട്ടയില്‍ ജയിക്കുമായിരുന്നില്ലേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്.  അറിയാതെ അദ്ദേഹത്തിന്‍റെ മനസ്സിലുള്ള ആഗ്രഹം പുറത്തുവന്നതാണ്. ബിജെപിയെ ശക്തിപ്പെടുത്തി യുഡിഎഫിനെ ദുര്‍ബ്ബലപ്പെടുത്തുക എന്ന അദ്ദേഹത്തിന്‍റെ തന്ത്രം ഫലിക്കാതെ വന്നപ്പോഴുള്ള വിഷമം കൊണ്ടാണ് അതു പറഞ്ഞത്. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല ഏറ്റവും പ്രധാനപ്പെട്ട വിഷയം തന്നെയായിരുന്നു. വിശ്വാസികളുടെ വികാരങ്ങളെ ചവിട്ടിമെതിച്ച മുഖ്യമന്ത്രിക്കും ഗവണ്‍മെന്‍റിനും എതിരായിട്ടുള്ള  ജനവികാരം വളരെ ശക്തമായിരുന്നു. മാത്രവുമല്ല. കേരളത്തിലെ മതന്യുനപക്ഷങ്ങളും ഭൂരിപക്ഷ ജനവിഭാഗങ്ങളും ഒരുപോലെ നിന്നുകൊണ്ട് യുഡിഎഫിന് വോട്ട് ചെയ്ത മറ്റൊരു തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. അത് മനസ്സിലാക്കാന്‍ ഇടതുപക്ഷത്തിനും മുഖ്യമന്ത്രിക്കും കഴിയാതെ പോകുന്നു എന്നതാണ് സത്യം.

കേരളത്തിലെ ഇടതുമുന്നണി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ അവസരത്തില്‍ ജനങ്ങള്‍ ഗവണ്‍മെന്‍റിന് മേല്‍ അവിശ്വാസം രേഖപ്പെടുത്തിയിരിക്കുകയാണ്. ഒരു നിമിഷം പോലും പിണറായി വിജയന് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ല. ഈ വിധി മോദിക്കും പിണറായിക്കും എതിരായുള്ള ജനവിധിയാണ്. ധര്‍മ്മികമായി ഭരിക്കാനുള്ള അവകാശം മുഖ്യമന്ത്രിക്കില്ല.

ശബരിമല ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ക്കും തെറ്റുപറ്റി, അല്ലാതെ തങ്ങള്‍ക്ക് ഒരു തെറ്റും പറ്റിയിട്ടില്ല എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ കാണുന്നത്. സമാനതകള്‍ ഇല്ലാത്ത വിജയമാണ് യുഡിഎഫിന് ലഭിച്ചിരിക്കുന്നത്. എല്ലാ ജനിവഭാഗങ്ങളും ഒരേ പോലെ നിന്നുകൊണ്ട് വോട്ട് ചെയ്തിട്ടും മുഖ്യമന്ത്രി കണ്ണുതുറക്കാന്‍ തയ്യാറാകുന്നില്ല. കൂടുതല്‍ കൂടുതല്‍ പരാജയങ്ങളിലേക്ക് ഇടതുപക്ഷം പോകുന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍നിന്നും വ്യക്തമാകുന്നത്. യുഡിഎഫിന് ഈ വിജയം സമ്മാനിച്ച ജനങ്ങളോട് ഞങ്ങല്‍ക്ക്  നന്ദിയുണ്ട്. വലിയ ഉത്തരവാദിത്തമാണ് യുഡിഎഫിന് ഇന്ന് ഏറ്റെടുക്കാനുള്ളത്. ജനവിധിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉത്തരവാദിത്ത ബോധത്തോടെയും ചുമതലാ ബോധത്തോടെയും യുഡിഎഫ്. മുന്നോട്ടുപോകും.