പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടമലക്കുടിയിലേക്കുള്ള പുതുവൽസര വരവ് ആഘോഷമാക്കി ആദിവാസികൾ

Jaihind News Bureau
Thursday, January 2, 2020

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടമലക്കുടിയിലേക്കുള്ള പുതുവൽസര വരവ് ആഘോഷമാക്കി ആദിവാസികൾ. ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള രമേശ് ചെന്നിത്തലയുടെ ഇടമലക്കുടി സന്ദർശനം ത്യാഗപൂർണ്ണവും പ്രതീക്ഷാനിർഭരവുമായിരുന്നു. ചരിത്രത്തിലാദ്യമായി ഒരു പ്രതിപക്ഷ നേതാവ് ഇടമലക്കുടിയിൽ എത്തിയത് ആവേശത്തിമർപ്പിലാക്കി ആദിവാസി സമൂഹത്തെ . 

പതിവുതെറ്റാതെ കാടും മേടും താണ്ടി രാഷ്ട്രീയതിരക്കുകൾക്ക് അവധി നൽകി പ്രതിപക്ഷനേതാവ് ഇന്ത്യയിലെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ആദിവാസികൾക്കൊപ്പം പുതുവർഷദിനം ചെലവഴിച്ചു. പട്ടികജാതി- വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി കെ.പി.സി.സി പ്രസിഡന്‍റായിരിക്കെ രൂപീകരിച്ച ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായാണ് രമേശ് ചെന്നിത്തല പുതുവർഷദിനത്തിൽ ഇടമലക്കുടിയിലെത്തിയത്. ദുർഘടമായ വനപാതയിലൂടെ ഏറെ ക്ലേശം സഹിച്ച് മണിക്കൂറുകൾ യാത്ര ചെയ്ത് കുടിയിലെത്തിയ ചെന്നിത്തലയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് മുതുവാൻ വിഭാഗത്തിൽപ്പെട്ട ഗിരിവർഗക്കാർ നൽകിയത്. നിരവധി പരാതികൾ ലഭിച്ചതിൽ ഒട്ടുമിക്കതിനും പരിഹാരം കണ്ട് ജനനേതാവുകയായിരുന്നു രമേശ് ചെന്നിത്തല.

രാവിലെ 8.ന് മൂന്നാർ ഗവ. ഗസ്റ്റ് ഹൗസിൽ നിന്ന് ഡീൻ കുര്യാക്കോസ് എം.പിയടക്കമുള്ള ജനപ്രതിനിധികൾക്കും കോൺഗ്രസ്  നേതാക്കൾക്കുമൊപ്പമാണ് ചെന്നിത്തല യാത്ര തിരിച്ചത്. മൂന്നാറിൽ നിന്ന് 24 കിലോമീറ്റർ അകലെയുള്ള പെട്ടിമുടി വരെ ഔദ്യോഗിക വാഹനത്തിലായിരുന്നു യാത്ര. ഒമ്പത് മണിയോടെ ഇവിടെ നിന്ന് തീർത്തും സഞ്ചാരയോഗ്യമല്ലാത്ത കാനനപാതയിലൂടെ ഓഫ് റോഡ് ജീപ്പിലായിരുന്നു കുടിയിലേക്കുള്ള യാത്ര. മൂന്ന് മണിക്കൂർ നീണ്ട സാഹസിക യാത്രയ്ക്കൊടുവിൽ 12 മണിയോടെ ഇടമലക്കുടി പഞ്ചായത്തിലെ ആദ്യത്തെ കുടികളിലൊന്നായ ഇഡലിപ്പാറയിലെത്തി. പ്രതിപക്ഷ നേതാവിനെ ഊരുനിവാസികൾ പരമ്പരാഗത രീതിയിൽ സ്വീകരിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ പരാതികളും നിവേദനങ്ങളും ഏറ്റുവാങ്ങി അടുത്ത കുടിയായ സൊസൈറ്റികുടിയിലെത്തി. ഇവിടെയും നിരവധി സ്വീകരിക്കാനും നിവേദനം നൽകാനും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. വർഷങ്ങളായുള്ള ഇടമലക്കുടി നിവാസികളുടെ പ്രധാന ആവശ്യങ്ങളായ സഞ്ചാരയോഗ്യമായ റോഡ്, ശുദ്ധജലം തുടങ്ങിയവായിരുന്നു പരാതികളിലേറെയും. തുടർന്ന് ആദിവാസികൾക്കൊപ്പം അവർ തയ്യാറാക്കിയ ഉച്ചഭക്ഷണവും കഴിച്ച് മൂന്നരയോടെയാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്.

https://www.youtube.com/watch?v=Jcrkvq2zpCc