പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് നല്കിയ വാക്ക് പാലിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുടുംബവും. മൂത്തമകന്റെ വിവാഹസല്‍ക്കാര ചടങ്ങ് മാറ്റിവെച്ച 5 ലക്ഷം രൂപ കൃപേഷിന്റെ സഹോദരിക്ക് കൈമാറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൂത്തമകന് ഡോ. രോഹിതിന്റെ വിവാഹ സല്‍ക്കാര ചടങ്ങുകളുടെ ഒരുക്കങ്ങള്‍ക്കിടെയായിരുന്നു പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതക വാര്‍ത്തയെത്തിയത്.
അങ്കമാലിയില്‍ നിന്നും വധൂവരന്മാര്ക്കൊപ്പം ട്രെയിനില്‍ തിരുവനന്തപുരത്തെത്തിയപ്പോഴാണ് കൊലപാതക വാര്‍ത്ത രമേശ് ചെന്നിത്തലയുടെ കാതുകളിലെത്തിയത്. വലിയ സന്തോഷത്തിനിടെ തേടിയെത്തിയ ആ ദുരന്തവാര്ത്തയോടെ വിവാഹ സല്‍ക്കാര ചടങ്ങുകള്‍ വേണ്ടെന്ന് വെക്കാന്‍ പ്രതിപക്ഷ നേതാവും കുടുംബവും തീരുമാനിക്കുകയായിരുന്നു. കൃപേഷിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു സഹോദരിയുടെ വിവാഹം. ഇത് അറിഞ്ഞ രമേശ് ചെന്നിത്തല മകന്റെ വിവാഹസല്‍ക്കാരത്തിനായി മാറ്റിവെച്ച തുക കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചടങ്ങുകള്‍ക്കായി നല്‍കുമെന്ന് അറിയിക്കുകയായിരുന്നു.
കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് അദ്ദേഹം ഈ തീരുമാനമെടുത്തത്. ഭാര്യക്കും മകനും മരുമകള്‍ക്കുമൊപ്പം കാസര്‍ഗോട്ടെ പെരിയയില്‍ കൃപേഷിന്റെ വീട്ടിലെത്തിയാണ് രമേശ് ചെന്നിത്തല പണം കൈമാറിയത്. ഡോ. രോഹിതും ഭാര്യ ശ്രീജയും ചേര്‍ന്നാണ് കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയക്ക് തുക കൈമാറിയത്. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നേല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പമാണ് കുടുംബം എത്തിയത്. കൃപേഷിന്റെയും ശരത് ലാലിന്റെയും സ്മൃതിമണ്ഡപത്തിലെത്തി രമേശ് ചെന്നിത്തലയും കുടുംബവും മൗനപ്രാര്‍ത്ഥന നടത്തി.