മാതൃകകാട്ടി രമേശ് ചെന്നിത്തലയും കുടുംബവും, കൃപേഷിന്റെ ആഗ്രഹം സഫലമാകും

Tuesday, February 19, 2019

മാതൃകകാട്ടി രമേശ് ചെന്നിത്തല. മകന്‍ ഡോ. രോഹിത്തിന്റെ വിവാഹ സത്കാരം മാറ്റിവെച്ചുകൊണ്ട് അതിന് ചെലവ് വരുന്ന തുക പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയുടെ വിവാഹച്ചെലവുകള്‍ക്കായി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു മകന്‍ ഡോ. രോഹിത്തിന്റെ വിവാഹം കൊച്ചിയില്‍ നടന്നത്.  21ാം തീയതി തിരുവനന്തപുരത്തും 23ാം തീയതി ഹരിപ്പാടും വെച്ചായിരുന്നു വിവാഹസത്കാരം നടത്താനിരുന്നത്. എന്നാല്‍ കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

രണ്ട് ദിവസം മുമ്പാണ് രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിത് വിവാഹിതനായത്. വ്യവസായി ആയ ഭാസിയുടെ മകള്‍ ശ്രീജ ഭാസിയാണ് വധു. അമേരിക്കയില്‍ ഡോക്ടറാണ് ശ്രീജ. രോഹിത് കൊച്ചിയില്‍ ഡോക്ടറാണ്.

കല്യോട്ട് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിന്‍റെ സ്വാഗത സംഘ രൂപീകരണം കഴിഞ്ഞ് മടങ്ങും വഴിയാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെടുന്നത്. കൊലപാതകം ആസൂത്രണം ചെയ്തത ലോക്കല്‍ പാര്‍ട്ടി അംഗം പീതാംബരനെ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ കൂടാതെ മറ്റ് ഏഴ് പേരെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.