എസ്.എഫ്.ഐ നേതാക്കള്‍ റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയ സംഭവം; പി.എസ്.സി ചെയര്‍മാന്‍റെ പങ്കും അന്വേഷിക്കണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസിലെ പ്രതികളായ എസ്.എഫ്.ഐ നേതാക്കൾ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയ സംഭവത്തിൽ കൂടുതൽ വസ്തുതകൾ പുറത്തു കൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേതാക്കൾ റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയതിനു പിന്നിൽ പി.എസ്.സി യിലെ ഉന്നതരുടെ പിന്തുണയുണ്ട്. ഇതിന് പിന്നിൽ ആസൂത്രിത നീക്കം നടന്നിട്ടുണ്ടെന്നും ചെയർമാന്‍റെ പങ്കും അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പി.എസ്.സി പരീക്ഷാ സംവിധാനത്തെ അട്ടിമറിച്ചാണ് എസ്.എഫ്.ഐ നേതാക്കൾ റാങ്ക് പട്ടികയിൽ കടന്നു കൂടിയതെന്നും പ്രതിപക്ഷം ഉന്നയിച്ച ആരോപണം അക്ഷരം പ്രതി ശരിയാണെന്ന് തെളിയിക്കുന്ന റിപ്പോർട്ടാണ് പി.എസ്.സി വിജിലൻസ് വിഭാഗം നൽകിയതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കുറ്റക്കാരെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊലീസ് അന്വേഷിച്ചാൽ കൂടുതൽ വസ്തുതകൾ പുറത്തു വരില്ലെന്നും അതിനാൽ തന്നെ സി.ബി.ഐ അന്വേഷണമാണ് ഇക്കാര്യത്തിൽ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്.എഫ്.ഐ നേതാക്കൾ പരീക്ഷ എഴുതിയ ഹാളിലെ ഇൻവിജിലേറ്റർക്കെതിരെയും പി.എസ്.സിയിലെ ചെയർമാൻ അടക്കമുള്ള ഉന്നതർക്കെതിരെയും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരീക്ഷാ കേന്ദ്രം തിരുവനന്തപുരത്താക്കിയതും അന്വേഷിക്കണം. മൂന്ന് ലക്ഷത്തിൽപ്പരം ആളുകൾ എഴുതിയ പരീക്ഷയിൽ രണ്ട് പേർ മാത്രമാണ് ക്രമക്കേട് നടത്തിയതെന്ന് എങ്ങനെ മനസിലാക്കാനാവുമെന്നും അദ്ദേഹം ചോദിച്ചു. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം നടന്ന പാർട്ടി നേതാക്കളുടെ പി.എസ്.സി നിയമനങ്ങളെപ്പറ്റിയും അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലെ കേന്ദ്രനടപടി അപലപനീയമാണെന്നും ജനാധിപത്യത്തെയും ഭരണഘടനയെയും അട്ടിമറിച്ചാണ് നിയമനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെടാനിടയാക്കിയ വാഹനാപകടത്തിൽ ശ്രീറാം വെങ്കട്ടറാമിനെ സഹായിച്ച എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നും ബഷീറിന്‍റെ ഭാര്യയ്ക്ക് ജോലി നൽകി കുടുംബത്തെ സംരക്ഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Ramesh Chennithalapscsfi
Comments (0)
Add Comment