RAMESH CHENNITHALA|’എന്തിനാണ് കേരളത്തിന് ഇങ്ങനെ ഒരു ആരോഗ്യമന്ത്രി?; എന്തിനാണ് ഇങ്ങനെ ഒരു ആളെക്കൊല്ലി വകുപ്പ്’?- വിമർശിച്ച് രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, November 9, 2025

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികില്‍പിഴവ് കാരണം പ്രസവം കഴിഞ്ഞു കിടന്ന യുവതി മരിച്ചത് കേരളത്തിലെ കുത്തഴിഞ്ഞ ആരോഗ്യ സംവിധാനത്തിന്റെ സമ്പൂര്‍ണ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളത്തില്‍ പാവപ്പെട്ടവരുടെ ജീവന് യാതൊരു വിലയുമില്ലേ.. എന്തിനാണ് കേരളത്തിന് ഇങ്ങനെ ഒരു ആരോഗ്യമന്ത്രി? എന്തിനാണ് ഇങ്ങനെ ഒരു ആളെക്കൊല്ലി വകുപ്പ്.. കേരളത്തില്‍ പാവപ്പെട്ടവര്‍ക്ക് ചികിത്സയ്ക്ക് എവിടെ പോകണം.. ഒരു ദിവസത്തെ പരിപാടിക്കു വേണ്ടി 8-10 കോടി രൂപയൊക്കെ ചിലവഴിക്കുന്ന സര്‍ക്കാരിന് എന്തു കൊണ്ട് കേരളത്തിലെ ആശുപത്രികളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ പണം ചെലവഴിക്കാന്‍ കഴിയുന്നില്ല.. ? – രമേശ് ചെന്നിത്തല ചോദിച്ചു.

നവകേരള സര്‍വേ എന്ന പേരില്‍ സര്‍ക്കാരിന്റെ നികുതിപ്പണം കൊണ്ട് എല്‍ഡിഎഫിന്റെ സ്‌ക്വാഡ് വര്‍ക്ക് നടത്താന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ നവകേരള സര്‍വേ എന്ന പേരില്‍ സര്‍വേ നടത്താന്‍ ആളെ റിക്രൂട്ട് ചെയ്യുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയാണ്. സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപ വാങ്ങി വീടു വീടാന്തരം കയറി എല്‍ഡിഎഫിന് വേണ്ടി പ്രചാരണം നടത്തലാണ് ഇവരുടെ ചുമതല. ഒരു രാഷ്ട്രീയ പ്രവര്‍ത്തനം എന്ന പേരില്‍ സിപിഎമ്മിന് അവരുടെ പ്രവര്‍ത്തകരെ കേരളത്തിലെ എല്ലാ വീടുകളിലും അയയ്ക്കാന്‍ ജനാധിപത്യപരമായ അവകാശമുണ്ട്. പക്ഷേ അതിനു വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ കയ്യിട്ടു വാരുന്നത് തികഞ്ഞ വൃത്തികേടാണ്. ജനവിരുദ്ധമാണ്. ഇത് അനുവദിക്കാനാവില്ല- രമേശ് ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ സര്‍ക്കാരിന്റെ വീരകൃത്യങ്ങള്‍ അറിയിക്കാന്‍ വേണ്ടി വീടു വീടാന്തരം സ്‌ക്വാഡ് വര്‍ക്കിന് കര്‍മ്മ സേന രൂപീകരിക്കല്‍ തന്നെ ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തിയാണ്. അതിനായി സര്‍ക്കാരിന്റെ പണം ഉപയോഗിക്കുന്നത് അതിലും തെറ്റാണ്. ജനാധിപത്യ മര്യാദകള്‍ക്ക് എതിരായ നീക്കമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ 25 കോടി രൂപ മാധ്യമങ്ങളില്‍ ചിലവഴിക്കുകയും സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമുകള്‍ നടത്തുകയും ചെയ്തിരുന്നു. ഇത് സ്‌പോണ്‍സേര്‍ഡ് ആണ് എന്ന കാര്യം മറച്ചു വെച്ച് ജനാധിപത്യവിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഇത് ഉപയോഗിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയാണ് സര്‍ക്കാര്‍ ഇത്തവണയും നടത്താന്‍ ശ്രമിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നികുതിപ്പണം ഉപയോഗിക്കുന്നത് ജനാധിപത്യത്തിന്റെ നൈതികതയ്ക്കു വിരുദ്ധമാണ് – ചെന്നിത്തല വ്യക്തമാക്കി.