ദുരിതാശ്വാസ പ്രവര്‍ത്തനം: വാഗ്ദാനങ്ങള്‍ മാത്രം നല്‍കി സര്‍ക്കാര്‍ കബളിപ്പിച്ചതായി രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, September 16, 2018

തിരുവനന്തപുരം: പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതബാധിതര്‍ക്ക് വാഗ്ദാനം മാത്രം വാരിക്കോരി നല്‍കി സര്‍ക്കാര്‍ അവരെ കബളിപ്പിക്കുകയാണ് ചെയ്തത്.

പ്രളയ ബാധിതര്‍ക്ക് 10,000 രൂപ വീതം നല്‍കുമെന്നും അത് വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് പറഞ്ഞിരുന്നെങ്കിലും ആ വൈബ് സൈറ്റ് ആരും കണ്ടിട്ടില്ല. പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ പലിശ രഹിത വായ്പയായി നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആര്‍ക്കും കിട്ടിയിട്ടില്ല. എല്ലാം നഷ്ടപ്പെട്ട ചെറുകിട വ്യാപാരികള്‍ക്ക് 10 ലക്ഷം രൂപ വരെ പലിശ രഹിത വായ്പയായി നല്‍കുമെന്ന് പറഞ്ഞിരുന്നു. അതും കിട്ടിയിട്ടില്ല. കടങ്ങള്‍ക്ക് മോറിട്ടോറിയം പ്രഖ്യാപിക്കുമെന്ന് പറഞ്ഞു. അതിന്റെ ഉത്തരവ് എവിടെ?

പതിനായിരം രൂപയുടെ വിതരണം കാര്യക്ഷമമല്ലാത്തതുകൊണ്ടാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകിരിക്കാത്തത്. അര്‍ഹരെ പിന്തള്ളി അനര്‍ഹര്‍ക്ക് പണം നല്‍കുകയും ചെയ്തു.
ദുരിതാശ്വസ കേന്ദ്രങ്ങളില്‍ നിന്ന് മടങ്ങുമ്പോള്‍ തന്നെ കിറ്റ് നല്‍കുമെന്ന് പറഞ്ഞു. പക്ഷേ കിറ്റ് വിതരണം അവതാളത്തിലായി. അര്‍ഹരായവരില്‍ ഒരു വലിയ പങ്കിനും കിറ്റ് കിട്ടിയില്ല. അനര്‍ഹര്‍ കൊണ്ടു പോവുകയും ചെയ്തു. ആര്‍ക്കൊക്കെ കിറ്റ് കൊടുത്തു എന്ന് ഒരു രൂപവുമില്ലാത്ത അവസ്ഥയാണ്. കിറ്റില്‍ 22 ഐറ്റം കൊടുക്കുമെന്ന് പറഞ്ഞു. നല്‍കിയതാകട്ടെ 10 ഐറ്റവും.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പകരം ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാപിരിവ് മാത്രമാണ്. കേരളത്തിന്റെ ഭരണം ജയരാജന്മാരില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. ഇവരോട് മന്ത്രിമാര്‍ക്കുള്ള അഭിപ്രായ വ്യത്യാസം പ്രകടമാണ്. ഉത്തരവുകള്‍ ഇറക്കി പിന്‍വലിക്കുന്ന ജോലി മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. എന്തു നാണക്കേടാണ് ഈ അവസ്ഥ? ലോകത്തിന് മുന്നില്‍ കേരളം തലകുനിച്ചു നില്‍ക്കേണ്ട ഗതികേടാണ് ഇടതുമുന്നണി സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. സര്‍ക്കാരിന് എന്തൊക്കയോ ഒളിക്കാനും മറയ്ക്കാനും ഉള്ളതിനാലാണ് പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി പ്രത്യേക അക്കൗണ്ട് തുറന്ന ശേഷം അത് പിന്‍വലിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.