ശബരിമലയില്‍ ഭക്തര്‍ക്ക് വെള്ളം പോലും കിട്ടുന്നില്ല; മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് രമേശ്‌ ചെന്നിത്തല

Jaihind Webdesk
Sunday, December 10, 2023

ശബരിമലയില്‍ ഭക്തർക്ക് നിവർത്തിയില്ലാത്ത അവസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. ഭക്തര്‍ക്ക് വെള്ളം പോലും കിട്ടുന്നില്ലെന്നും ഈ നിലയിലാണോ ശബരിമല തീർത്ഥാടനം ഒരുക്കേണ്ടതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ശരിയായ നിലയിൽ ക്രമീകരണം ഒരുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  ശബരിമലയില്‍ ക്രമാധീതമായാണ് തിരക്ക് വര്‍ദ്ധിച്ചിരിക്കുന്നത്. 12 മണിക്കൂറിലധികമാണ് ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിനായി കാത്ത് നില്‍ക്കേണ്ടതായി വരുന്നത്.

അതേസമയം ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയും സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് 15 മുതല്‍ 20 മണിക്കൂര്‍ വരെ ക്യൂവാണ്. ഭക്തര്‍ക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ല. 12 വയസുകാരി കഴിഞ്ഞ ദിവസം അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീണു മരിച്ച ദാരുണ സംഭവം ഉണ്ടായി. സ്ത്രീകളുടേയും കുട്ടികളുടേയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ഹൈക്കോടതി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ അനങ്ങുന്നില്ല. ആവശ്യത്തിന് പോലീസിനെ ശബരിമലയില്‍ വിന്യസിച്ചിട്ടില്ലെന്ന് ഭക്തര്‍ തന്നെ പരാതിപ്പെടുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.