തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ കാമ്പസിന് മതരാഷ്ട്രവാദിയായ ഗോള്‍വാള്‍ക്കറുടെ പേരിടാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാവുക ഹിന്ദു രാഷ്ട്രത്തില്‍ മാത്രമാണെന്ന് പ്രഖ്യാപിച്ച തീവ്രഹിന്ദുത്വവാദിയുടെ പേര് നല്‍കാനുള്ള നീക്കം മതസൗഹാര്‍ദ്ദം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ്. വര്‍ഗീയത മാത്രം മുഖമുദ്രയാക്കിയിരുന്ന ഗോള്‍വാള്‍ക്കര്‍ ശാസ്ത്രസാങ്കേതിക മേഖലയ്ക്ക് എന്തുസംഭാവനായാണ് നല്‍കിയിട്ടുള്ളത്.ഇങ്ങനെയുള്ള വ്യക്തിയുടെ പേര് രാജ്യത്തിന് തന്നെ അഭിമാനമായ ശാസ്ത്രസാങ്കേതിക സ്ഥാപനത്തിന് നല്‍കുന്നത് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചിട്ടുള്ള മഹത് വ്യക്തികളാണ് ജവഹര്‍ലാല്‍ നെഹ്റുവും രാജീവ് ഗാന്ധിയുമെല്ലാം. വര്‍ഗീയതയെ ഉപാസിച്ചിരുന്ന ഒരു വ്യക്തിയുടെ പേര് രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് നമ്മുടെ മതേതര പാരമ്പര്യത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. ദുരുപദിഷ്ഠിതമായ ഇത്തരമൊരു വിവാദത്തില്‍ നെഹ്റുവിന്റെ പേര് വലിച്ചിഴച്ച കേന്ദ്രമന്ത്രി വി.മുരളീധരന് നടപടി അന്തസ്സില്ലാത്തതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു.