ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്നും ഇതിന്റെ ഫലമായി മധ്യ-തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ ഉണ്ടായേക്കുമെന്നും കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴിയുടെ ഫലമായി 24 മണിക്കൂറിനുള്ളില്‍ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കാമെന്നാണ് റിപ്പോര്‍ട്ട്.
ഇതേത്തുടര്‍ന്ന് ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഇടുക്കി, ആലപ്പുഴ ജില്ലകളിലും എറണാകുളം മൂവാറ്റുപുഴ ഭാഗങ്ങളിലും കോട്ടയം ജില്ലകളുടെ കിഴക്കന്‍ മേഖലകളിലും ശക്തമോ അതിശക്തമോ ആയ മഴ പ്രതീക്ഷിക്കാന്നാണ് റിപ്പോര്‍ട്ട്. മലയോര മേഖലകളിലും മഴ ശക്തമായിരിക്കും. ബുധന്‍ മുതല്‍ വെള്ളി വരെ കടുത്ത ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്
വയനാട്ടില്‍ മഴ ഭീഷണിയുയര്ത്തിയേക്കില്ല. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തില്‍ സാധാരണ മഴ ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.