കാലഹരണപ്പെട്ട കോച്ചുകളാണ് കേരളത്തിലൂടെയോടുന്ന ട്രെയിനുകളില്‍ സര്‍വ്വീസ് നടത്തുന്നതെന്ന വാദം ശരിയല്ലെന്നും, കേരളത്തിലെ റെയില്‍വേ ഡിവിഷനുകളില്‍ പുതിയ കോച്ചുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും, കാലഹരണപ്പെട്ട കോച്ചുകള്‍ കേരളത്തില്‍ ഓടുന്ന ട്രെയിനുകളില്‍ സര്‍വ്വീസ് നടത്തുന്നില്ലെന്നും റെയില്‍വേ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍ ലോക്സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്കി.
കേരളത്തിലെ ട്രെയിനുകളില്‍ സര്‍വ്വീസ് നടത്തുന്ന കോച്ചുകള്‍ 60 ശതമാനത്തിലേറെയും 15 വര്‍ഷത്തില്‍ താഴെ മാത്രം പഴക്കം മാത്രമുള്ളവയാണ്. സാധാരണ എല്‍.എച്ച്.ബി (ലിങ്ക് ഹോഫ്മാന്‍ ബുഷച്ച് ടൈപ്പ് കോച്ചുകള്‍) കോച്ചുകള്‍ക്ക് 35 വര്‍ഷവും ഐ.സി.എഫ് കോച്ചുകള്‍ക്ക് (ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ടൈപ്പ്) 25 വര്‍ഷവുമാണ് ആയുസ്സ് പരിധി നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കേരളത്തില്‍ തിരുവനന്തപുരം ഡിവിഷനില്‍ 582 എല്‍.എച്ച്.ബി കോച്ചുകളും 166 ഐ.സി.എഫ് കോച്ചുകളും പാലക്കാട് ഡിവിഷനില്‍ 26 എല്‍.എച്ച്.ബി കോച്ചുകളും മധുര ഡിവിഷനില്‍ 422 എല്‍.എച്ച്.ബി കോച്ചുകളും, 210 ഐ.സി.എഫ് കോച്ചുകളും ലഭ്യമാക്കിയിട്ടുണ്ട്.
പാലക്കാട് ഡിവിഷനില്‍ എല്‍.എച്ച്.ബി കോച്ചുകള്‍ ഒന്നും തന്നെ ലഭ്യമാക്കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനുകളിലെ പരാതികള്‍ക്ക് പ്രഥമ പരിഗണന നല്കി പരിഹരിക്കുന്നുണ്ട്. പരാതികള്‍ യാത്രക്കാര്‍ക്ക് കോച്ച് മിത്ര, റെയില്‍ മഡാഡ് ആപ്ലിക്കേഷന്‍ എന്നിവ വഴി നല്‍കാവുന്നതാണ്. ലഭ്യമാകുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നുണ്ടെന്നും മന്ത്രി ലോക്സഭയില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യത്തിന് മറുപടി നല്കി.