വയനാടിനായി വീണ്ടും രാഹുല്‍; കൈപ്പിനിക്കടവ് പാലം പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിക്ക് കത്തയച്ചു

Jaihind News Bureau
Tuesday, September 3, 2019

 

മലപ്പുറം ജില്ലയിലെ ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ കൈപ്പിനിക്കടവ് പാലം പുനർനിർമ്മിക്കാൻ നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പാലം തകർന്നത് പുനരധിവാസ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ പ്രളയത്തില്‍ ചാലിയാര്‍ നദിയ്ക്ക് കുറുകെയുള്ള കൈപ്പിനിക്കടവ് പാലം പൂര്‍ണമായും തകര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പാലം പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരിക്കുന്നത്.  കുറുമ്പിലക്കോട്-ചുങ്കത്തറ പഞ്ചായത്തുകളെ തമ്മില്‍ ബന്ധപ്പെടുത്തുന്നതാണ് ഈ പാലം. പ്രദേശത്തെ ജനങ്ങളുടെ സഞ്ചാരത്തിന് ഉപയോഗിക്കുന്ന പ്രധാന മാര്‍ഗ്ഗമാണ് ഈ പാലമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാലത്തിന്‍റെ തകര്‍ച്ചയെ തുടര്‍ന്ന് സ്തംഭിച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് പാലം ഉടന്‍ പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ഉയര്‍ന്നതെന്നും കത്തില്‍ പറയുന്നു. എത്രയും പെട്ടെന്ന് പാലത്തിന്‍റെ പുനര്‍നിര്‍മ്മാണം ആരംഭിക്കണമെന്നും അതുവരെ താല്‍ക്കാലിക പാലം നിര്‍മ്മിക്കണമെന്നും രാഹുല്‍ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.