ഇഷ്ട ടീം യുവന്‍റസ്… ഫുട്ബോള്‍ ഇഷ്ടവും ഫിറ്റ്നസ് രഹസ്യവും പറഞ്ഞ് രാഹുല്‍ ഗാന്ധി

Wednesday, March 20, 2019

തന്‍റെ ഫുട്ബോള്‍ ഇഷ്ടം വ്യക്തമാക്കി കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി. മണിപ്പൂരില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയായിരുന്നു തന്‍റെ ഇഷ്ട ടീമിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ബാഴ്സലോണ ആരാധകനോ അതോ റയല്‍ ആരാധകനോ എന്ന ചോദ്യത്തിന്, രണ്ടുമല്ല, താന്‍ യുവന്‍റസ് ടീമിന്‍റെ ആരാധകനാണ് എന്നായിരുന്നു രാഹുലിന്‍റെ മറുപടി.

“യുവന്‍റസാണ് ഇഷ്ട ടീം. ഇനി, ബാഴ്സലോണയും റയലും തമ്മില്‍ നോക്കിയാല്‍ റയല്‍ മാഡ്രിഡിനോടാണ് കൂടുതലിഷ്ടം. കൃത്യമായി പറഞ്ഞാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്ള റയലിന്‍റെ ആരാധകനായിരുന്നു” – രാഹുല്‍ വ്യക്തമാക്കി. വന്‍ കയ്യടിയോടെയാണ് രാഹുലിന്‍റെ മറുപടി വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്.

ഫിറ്റ്നസ് സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ദിവസം ഒരു മണിക്കൂര്‍ നീണ്ട എക്സര്‍സൈസാണെന്ന് പറഞ്ഞ രാഹുല്‍ തനിക്ക് ഫുട്ബോള്‍ ഇഷ്ടമാണെന്നും പക്ഷേ ഇപ്പോള്‍ അതിനുള്ള സാഹചര്യം കിട്ടാറില്ലെന്നും പറഞ്ഞു. അവസാനം വായിച്ച പുസ്തകത്തെക്കുറിച്ചും ഇഷ്ടവിഭവത്തെക്കുറിച്ചുമെല്ലാം ചോദ്യങ്ങളുണ്ടായിരുന്ന റാപ്പിഡ് ഫയര്‍ റൗണ്ടിലായിരുന്നു രാഹുലിന്‍റെ മറുപടികള്‍.