അർജുന്‍ ആയങ്കിയെ പാർട്ടി പുറത്താക്കിയതിന് തെളിവുണ്ടോ ?; എന്തിന്‍റെ പേരിലാണ് പുറത്താക്കിയത് ; ചോദ്യങ്ങള്‍ ഉന്നയിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Jaihind Webdesk
Monday, June 28, 2021


തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയെ എന്ന്, എന്ത് കാരണത്തിന്റെ പേരിലാണ് ഡി.വെെ.എഫ്.ഐ പുറത്താക്കിയതെന്ന് വ്യക്തമാക്കണമെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. പുറത്താക്കിയെങ്കിൽ അത് പരസ്യപ്പെടുത്തിയതിന്റെ തെളിവ് എവിടെ? സ്വർണക്കടത്ത് പോലെയുള്ള ദേശദ്രോഹ കുറ്റത്തിന്റെ പേരിൽ സംശയം തോന്നിയാണ് നിങ്ങൾ പുറത്താക്കിയതെങ്കിൽ എന്തു കൊണ്ട് പൊലീസിനെ അറിയിച്ചില്ലെന്നും രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. അർജുൻ ആയങ്കി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ ജയിലിൽ പോയതിന് തിരിച്ചിറങ്ങിയപ്പോൾ സി.പി.എം പ്രാദേശിക നേതൃത്വം നൽകിയ സ്വീകരണത്തിന്റേതെന്ന പേരിൽ ഒരു ചിത്രവും രാഹുൽ തന്റെ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

“പാർട്ടിയുമായി ബന്ധമില്ലാത്ത” അർജ്ജുൻ ആയങ്കി, മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ ജയിലിൽ പോയതിന് തിരിച്ചിറങ്ങിയപ്പോൾ പ്രാദേശിക സി.പി.ഐ.എം നേതൃത്വം നല്കിയ സ്വീകരണത്തിന്റെ ചിത്രമാണിത്.
ഇനി ഡി.വെെ.എഫ്.ഐ നേതൃത്വത്തോട് ചോദിക്കാനുള്ളത്,
1) അർജ്ജുൻ ആയങ്കി എന്ന നിങ്ങളുടെ പ്രാദേശിക നേതാവിനെ എന്നാണ് പുറത്താക്കിയത്?
2) പുറത്താക്കിയെങ്കിൽ അത് നിങ്ങൾ പരസ്യപ്പെടുത്തിയതിന്റെ തെളിവ് എവിടെ?
3) എന്തു കാരണത്തിനാണ് അയാളെ പുറത്താക്കിയത്?
4) സ്വർണ്ണക്കടത്ത് പോലെയുള്ള ദേശദ്രോഹ കുറ്റത്തിന്റെ പേരിൽ സംശയം തോന്നിയാണ് നിങ്ങൾ പുറത്താക്കിയതെങ്കിൽ എന്തു കൊണ്ട് നിങ്ങൾ പോലീസിനെ അറിയിച്ചില്ല?
5) പോലീസിൽ വിവരം അറിയിക്കാഞ്ഞത് ഡി.വെെ.എഫ്.ഐക്ക് ആഭ്യന്തര വകുപ്പിൽ വിശ്വാസമില്ലാത്തതു കൊണ്ടാണോ?
6) ദേശദ്രോഹ കുറ്റവാളിയെ കുറിച്ച് അറിഞ്ഞിട്ടും വിവരം പോലിസിൽ അറിയിക്കാഞ്ഞത് രാജ്യദ്രോഹ കുറ്റമല്ലേ?
7) അർജ്ജുനെ പുറത്താക്കിയിട്ടും അയാൾ സോഷ്യൽ മീഡിയ വഴി സി.പി.ഐ.എം പ്രചരണം നടത്തിയിട്ടും, നിങ്ങളുടെ അണികൾ അയാളെ പിന്തുണച്ചിട്ടും എന്തു കൊണ്ട് നിങ്ങൾ അതിനെയും, നിങ്ങളുടെ പ്രവർത്തകരെയും വിലക്കിയില്ല?
8) പുറത്താക്കിയ ഒരാൾ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടൻ സ്മാരക മന്ദിരത്തിലെ സ്ഥിര സന്ദർശകനായിട്ടും എന്തു കൊണ്ട് വിലക്കിയില്ല?
9) പാർട്ടി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറത്താക്കിയ ഒരാൾ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായതിനെ എന്തു കൊണ്ട് നിങ്ങൾ എതിർത്തില്ല?
10) നിങ്ങൾ പറയുന്നതെല്ലാം മലയാളികൾ വിശ്വസിക്കും എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?