രാഹുലിനൊപ്പം പ്രിയങ്കയും; തരംഗമായി കോണ്‍ഗ്രസ് റോഡ് ഷോ ലക്‌നൗവിൽ

Jaihind Webdesk
Monday, February 11, 2019

ഉത്തര്‍പ്രദേശില്‍ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവേശോജ്വല തുടക്കം. സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുന്നതു വരെ വിശ്രമമില്ലെന്നും ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരായിരിക്കും അതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി ഉത്തർപ്രദേശിലെത്തിയ പ്രിയങ്കഗാന്ധിയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. ലക്നൗവില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം റോഡ്ഷോ നടത്തിയ പ്രിയങ്ക ഗാന്ധിയെ വരവേല്‍ക്കാന്‍ ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ വീഥികളിലെങ്ങും തിങ്ങിനിറഞ്ഞത്. വഴിനീളെ പൂക്കളും മൂവര്‍ണപ്പതാകയുമായി വന്‍ജനക്കൂട്ടം പ്രിയങ്കയെ എതിരേല്‍ക്കാനെത്തി. ഇതോടെ സജീവ രാഷ്ട്രീയ പ്രവേശത്തിന് ശേഷമുള്ള പ്രിയങ്കയുടെ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും തുടക്കമായി.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍, പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും റോഡ്ഷോയില്‍ രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം ചേര്‍ന്നു.

പതിവ് പോലെ മോദിയ്ക്കെതിരായ കടുത്ത വിമര്‍ശനങ്ങള്‍ തൊടുത്തുവിട്ട രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ വന്‍ ജനക്കൂട്ടമാണ് റാലിയ്ക്ക് ശേഷം നടന്ന പൊതുയോഗത്തിലും എത്തിയത്. രാജ്യത്തിന്‍റെ കാവൽക്കാരൻ ഉത്തർപ്രദേശിന്‍റെ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളുടെയും സമ്പത്ത് കട്ടുകൊണ്ടുപോകുകയാണെന്നും കോൺഗ്രസിന്‍റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയിൽ അധികാരത്തിലെത്തുംവരെ രാഹുലും ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയും വെറുതേയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് രാജ്യത്തിന്‍റെ ഹൃദയമാണെന്നും ഇവിടെ ആക്രമിച്ചുതന്നെ കളിക്കുമെന്നും ഉത്തർപ്രദേശിലെ അനീതികള്‍ക്കെതിരെ പോരാടാനാണ് പ്രിയങ്കയോടും ജ്യോതിരാദിത്യ സിന്ധ്യയോടും ആവശ്യപ്പെട്ടിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും മുന്‍തൂക്കം നല്‍കുന്ന ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് രൂപീകരിക്കുന്നതു വരെ വിശ്രമമില്ലെന്നും അദ്ദേഹം ഉറപ്പേകി.

പ്രിയങ്ക ട്വിറ്ററില്‍; ആവേശത്തില്‍ ഫോളോവേഴ്‌സും