‘വികസന മുരടിപ്പിന്‍റെ 100 ദിനങ്ങള്‍ സമ്മാനിച്ച മോദി സർക്കാരിന് അഭിനന്ദനങ്ങള്‍’ : രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, September 8, 2019

Rahul-Gandhi

രണ്ടാം എന്‍.ഡി.എ സർക്കാര്‍ നൂറ് ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ രൂക്ഷമായ പരിഹാസത്തിലൂടെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ട്വിറ്റർ പോസ്റ്റിലൂടെയായിരുന്നു  രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. മോദി ഭരണത്തില്‍ രാജ്യം ഏറ്റവും മോശമായ അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ രംഗത്തെത്തിയത്. വികസനമുരടിപ്പിന്‍റെ നൂറുദിനങ്ങള്‍ സമ്മാനിച്ചതിന് മോദി സര്‍ക്കാരിന് അഭിനന്ദനങ്ങളെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘മോദി സര്‍ക്കാരിന് എന്‍റെ അഭിനന്ദനങ്ങള്‍… വികസന മുരടിപ്പിന്‍റെ നൂറ് ദിവസങ്ങള്‍ സമ്മാനിച്ചതിന്, ജനാധിപത്യം തുടർച്ചയായി അട്ടിമറിക്കുന്നതിന്, വിമർശനങ്ങളുന്നയിക്കുന്ന മാധ്യമപ്രവർത്തനത്തിന്‍റെ കഴുത്ത് ഞെരിക്കുന്നതിന്, രാജ്യം ശക്തമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടുന്നുപോകുമ്പോള്‍ ദിശാബോധവും ആസൂത്രണവും ഏറ്റവും ആവശ്യമായ സമയത്ത് ഇതിനൊന്നും നേതൃത്വം നല്‍കാന്‍ ആരുമില്ലാത്തതിന്’ – രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

രാജ്യത്തിന്‍റെ വ്യവസായ മേഖല തകര്‍ന്നുകൊണ്ടിരിക്കുന്നു. സാമ്പത്തിക മാന്ദ്യം കടുത്ത ഭീഷണി ഉയർത്തുന്നു. വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന കാഴ്ചയാണ് കാണാനാകുന്നത്. വികസനത്തിന്‍റെ ശത്രുവാണ് മോദി ഗവണ്‍മെന്‍റെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ കുറിച്ചു.