സാമ്പത്തിക പാക്കേജ് അപര്യാപ്തം, കർഷകർക്കും തൊഴിലാളികൾക്കും നേരിട്ട് പണം എത്തിക്കണം; കേന്ദ്രത്തോട് രാഹുൽ ഗാന്ധി

Jaihind News Bureau
Saturday, May 16, 2020

 

കേന്ദ്രത്തിന്‍റെ സാമ്പത്തിക പാക്കേജ് അപര്യാപ്തമെന്ന് രാഹുൽ ഗാന്ധി. കർഷകർക്കും തൊഴിലാളികൾക്കും നേരിട്ട് പണം എത്തിക്കണം. പ്രതികരണം രാഷ്ട്രീയത്തിന് അതീതമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം പോകുന്നത് അത്യന്തം മോശമായ സാഹചര്യത്തിലേക്കാണ്. ലോക്ഡൗണിനെത്തുടർന്ന് രാജ്യത്തെ കർഷകരും തൊഴിലാളികളും പ്രതിസന്ധിയിലാണ്. അവർക്ക് ഇപ്പോള്‍ നൽകേണ്ടത് വായ്പയല്ല, പണമാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ഇപ്പോഴത്തെ പ്രധാന പ്രശ്നം കൈയ്യിൽ പണമില്ലാത്തതാണ്. അമ്മമാർ സ്വന്തം മക്കള്‍ക്ക് വായ്പ നല്‍കാറില്ല. അതുപോലെ സർക്കാർ തൊഴിലാളികള്‍ക്ക് വായ്പ നല്‍കുകയല്ല മറിച്ച് അവരുടെ കൈയ്യിൽ നേരിട്ട് പണമെത്തിക്കുകയാണ് വേണ്ടതെന്നും രാഹുൽ വ്യക്തമാക്കി. അതേസമയം, ലോക് ഡൗൺ നിയന്ത്രണം നീക്കം ചെയ്യുന്നത് ആലോചിച്ച് വേണമെന്നും രാഹുൽ പറഞ്ഞു. രാജ്യത്ത് റേറ്റിങ് ഉണ്ടാക്കുന്നത് കർഷകരും തൊഴിലാളികളുമാണ്. വിദേശ റേറ്റിങിനെ കുറിച്ച് കേന്ദ്രം ആകുലപ്പെടരുതെന്നും രാഹുൽ കൂട്ടി ചേർത്തു.