രാജ്യത്ത് എതിര്‍ശബ്ദം ഉയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു: രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, October 5, 2018

മോദി സര്‍ക്കാരിനെ എതിര്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയില്‍ കൊല്ലപ്പെടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗൗരി ലങ്കേഷിനെ പോലെയുള്ളവര്‍ ഇതിന് ഉദാഹരണമാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.

മോദിക്കെതിരെ ശബ്ദമുയര്‍ത്തിയതിന്‍റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളതെന്നും രാഹുല്‍ തുടര്‍ന്നു. മോദി സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നത് രാജ്യത്തെ ജനങ്ങളുമായിട്ടാണ്. രാജ്യത്തെ ജനതയുടെ മേല്‍ മോദി സര്‍ക്കാര്‍ അവരുടെ ആശയം അടിച്ചേല്‍പിക്കാനാണ് ശ്രമിക്കുന്നത്. മോദി സര്‍ക്കാര്‍ ഇന്ത്യയുടെ പ്രതിഛായ നഷ്ടപ്പെടുത്തിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

മോദിഭരണത്തില്‍ കര്‍ഷക ആത്മഹത്യ നിത്യസംഭവങ്ങളായി. ഇന്ത്യയുടെ സമ്പദ്ഘടന താറുമാറായി. തെറ്റായ സാമ്പത്തിക നയങ്ങള്‍ കാരണം ഇന്ത്യന്‍ രൂപയുടെ മൂല്യം ഇന്നേവരെ കാണാത്ത തകര്‍ച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ധനവില സകല റെക്കോഡും ഭേദിച്ച് കുതിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ അരക്ഷിതാവസ്ഥയിലാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.