റഫാൽ ഇടപാടിനെ പ്രധാനമന്ത്രി ന്യായീകരിച്ചത് വിലക്കുറവും വേഗത്തിൽ വിമാനങ്ങൾ എത്തും എന്ന കാരണവും പറഞ്ഞാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. എന്നാൽ അത് തെറ്റെന്ന് തെളിഞ്ഞതായി വിലപേശൽ സംഘത്തിന്‍റെ കുറിപ്പിലൂടെ തെളിഞ്ഞതായി കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
പുതിയ കരാർ പ്രകാരം വിമാനങ്ങൾ എത്തുന്നത് വൈകുമെന്നാണ് കണ്ടെത്തൽ. നിരക്കിൽ 55.6% വർധനവ് ഉണ്ടാകുമെന്ന് വിലപേശൽ സംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥരുടെ വിയോജന കുറിപ്പിലൂടെ വ്യക്തമായി. അനിൽ അംബാനിക്ക് 30,000 കോടി രൂപ നൽകാൻ വേണ്ടി മാത്രമാണ് മോദി കരാർ ഉണ്ടാക്കിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
3 ഉദ്യോഗസ്ഥരുടെ വിയോജനക്കുറിപ്പ് എന്തുകൊണ്ട് സി.എ.ജി റിപ്പോർട്ടിൽ ഇല്ലെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ധനമന്ത്രിയും പ്രതിരോധ മന്ത്രിയും 9 ശതമാനവും 20 ശതമാനവും ലാഭം ഉണ്ടായി എന്നാണ് പാർലമെന്‍റിൽ പറഞ്ഞത്. അവർ പറഞ്ഞത് നുണയാണെന്ന് ഇതോടെ വ്യക്തമായി. സി.എ.ജി കണ്ടെത്തലുകൾ സർക്കാരിന്‍റെ നുണ പൊളിക്കുന്നതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വിമാനങ്ങൾ ലഭിക്കുന്നതിൽ അടക്കം കാലതാമസം ഉണ്ടാകുമെന്ന് വിദഗ്ധർ പറഞ്ഞത് റിപ്പോർട്ടിൽ ഇല്ല. 2.5 % നിരക്ക് കുറവെന്ന സി.എ.ജി കണ്ടെത്തലുകളോട് കോൺഗ്രസ് യോജിക്കുന്നില്ല. നിരക്കില്‍ 55.6% വർധനവ് ഉണ്ടാകുമെന്ന് മൂന്ന് ഉദ്യോഗസ്ഥരുടെ വിയോജനക്കുറിപ്പിലൂടെ വ്യക്തമാകുന്നത്. റഫാലിൽ മോദിയെ സംവാദത്തിന് വെല്ലുവിളിച്ച രാഹുൽ കരാറില്‍ അഴിമതി ഇല്ലെങ്കിൽ ജെ.പി.സി അന്വേഷത്തെ ഭയക്കുന്നത് എന്തിനെന്നും ചോദിച്ചു.
ആൾക്കാരെ വിഡ്ഢിയാക്കരുത്, മോദി അനിൽ അംബാനിക്ക് പണം നൽകിയെന്നത് വ്യക്തമാണ്. റഫാൽ സി.എ.ജി റിപ്പോർട്ട് അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ രാഹുൽ ഗാന്ധി 3 ഉദ്യോഗസ്ഥരുടെ വിയോജനക്കുറിപ്പ് ഉൾപ്പെടുത്താത്ത റിപ്പോർട്ടിന് ഒരു വിലയും ഇല്ലെന്നും അത് വെറും കടലാസ് മാത്രമാണെന്നും ചൂണ്ടിക്കാട്ടി.