‘കാവൽക്കാരൻ കള്ളൻ’: പ്രസ്താവനയില്‍ രാഹുല്‍ഗാന്ധി മാപ്പ് പറയില്ല

Jaihind Webdesk
Monday, April 29, 2019

rahul-gandhi-kochi

ന്യൂഡൽഹി : കാവൽക്കാരൻ കള്ളനാണ് എന്ന് കോടതിയും കണ്ടെത്തിയെന്ന പ്രസ്താവനയില്‍ കോടതിയുടെ പേര് പരാമര്‍ശച്ചതില്‍ ഖേദമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റാഫേൽ കരാറുമായി ബന്ധപ്പെട്ട് നടത്തിയ ഈ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് പുതിയ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ച രാഹുല്‍ഗാന്ധി മാപ്പു പറയാൻ‌ തയ്യാറായിട്ടില്ല.

തന്റെ പ്രസ്താവനയിൽ ഖേദം അറിയിച്ച് സമർപ്പിച്ച സത്യവാങ്മൂലത്തിൽ രാഷ്ട്രീയ യുദ്ധഭൂമിയിലേക്ക് കോടതിയെ വലിച്ചിഴയ്ക്കാൻ തനിക്ക് ഉദ്ദേശമില്ലെന്നും എന്നാൽ പരാതിക്കാരിയായ ബിജെപി എംപി മീനാക്ഷി ലേഖി കോടതിയലക്ഷ്യ നടപടികളുടെ പേരിൽ രാഷ്ട്രീയ നേട്ടം കൊയ്യുകയാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

നേരത്തെ കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ കോടതി, രാഹുൽ നേരിട്ട് ഹാജരാകേണ്ട ആവശ്യം ഇല്ലെന്ന് അറിയിച്ചിരുന്നു. റാഫേൽ കേസിൽ സുപ്രീം കോടതിയുടെ വിധി പരാമർശിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ വിവാദ പരാമരശങ്ങൾ. റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന് കോടതി തന്നെ പറഞ്ഞുവെന്നായിരുന്നു പ്രസ്താവന. എന്നാൽ ഇതിനെതിരെ ബിജെപി കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യുകയായിരുന്നു.