‘അംബാനിക്ക് ജയ് വിളിക്കൂ’ : പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, December 4, 2018

Rahul-Gandhi-Kanker

പ്രധാനമന്ത്രിയുടെ സൂട്ട് ബൂട്ട് കൂട്ടുകെട്ടിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. “ഭാരത് മാതാ കീ ജയ് എന്ന് വിളിക്കരുത്, അനിൽ അംബാനിക്കും നീരവ് മോദിക്കും ജയ് വിളിക്കൂ” – എന്നായിരുന്നു രാഹുലിന്‍റെ പരിഹാസം.

രാജ്യത്തെ അതിസമ്പന്നരാണ് മോദിയെ അധികാരത്തിലേറ്റിയതെന്നും അവർക്ക് ജയ് വിളിക്കുകയാണ് പ്രധാനമന്ത്രി ചെയ്തുകൊണ്ടിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് മാതാ കീ ജയ് വിളിക്കുന്ന ഒരാൾക്ക് ഭാരതത്തിന്‍റ അടിസ്ഥാനവും അസ്തിത്വവുമായ കർഷകരെ വിസ്മരിച്ചുകൊണ്ട് പ്രവർത്തിക്കാനാകില്ലെന്നും രാഹുൽ പറഞ്ഞു. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കാർഷിക ഇൻഷുറൻസിനായി 45,000 കോടി രൂപയാണ് സർക്കാർ കർഷകർക്ക് അനുവദിച്ചത്. ഇതിൽ 16,000 കോടി രൂപ അനിൽ അംബാനി കൈക്കലാക്കിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മോദി കൊണ്ടുവന്ന കാർഷിക ഇൻഷുറൻസ് കർഷകർക്ക് വേണ്ടിയുളളതായിരുന്നില്ലെന്നും മറിച്ച് അംബാനിയുടെ കടങ്ങൾ വീട്ടാനുളളതായിരുന്നെന്നും രാഹുൽ പരിഹസിച്ചു.

റഫാൽ കരാറിനെ കുറിച്ച് പ്രധാനമന്ത്രി ഒരു വേദിയിലും പരാമർശിക്കാറില്ല. റഫാലിനെപ്പറ്റി പറഞ്ഞാൽ ജനങ്ങളുടെ ഇടയിൽ നിന്ന് ‘കാവൽക്കാരൻ കളളനാണെന്ന’ മുദ്രാവാക്യം ഉയർന്നുവരുമോ എന്ന പേടി മോദിക്കുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.