കാരുണ്യത്തിന്‍റെ കൈത്താങ്ങ്; പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ച് രാഹുല്‍ ഗാന്ധി; വീഡിയോ

Thursday, March 28, 2019

Rahul Gandhi

ജനഹൃദയം കീഴടക്കി വീണ്ടും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റോഡപകടത്തില്‍ പരിക്കേറ്റ മാധ്യമപ്രവർത്തകനെ രാഹുൽ ഗാന്ധി സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പാക്കി. മാധ്യമ പ്രവർത്തകൻ രാജേന്ദ്ര വ്യാസിനെയാണ് രാഹുൽ ഗാന്ധി സ്വന്തം വാഹനത്തിൽ എയിംസ് ആശുപത്രിയിൽ എത്തിച്ചത്.

ഡൽഹിയിലെ ഹുമയൂൺ റോഡിൽ വെച്ചാണ് രാജേന്ദ്ര വ്യാസിന് അപകടം പറ്റിയത്. അതുവഴി കടന്നുപോവുകയായിരുന്ന രാഹുൽ ഗാന്ധി പരിക്കേറ്റ വ്യാസിനെ കാണുകയും ഉടൻ തന്നെ സ്വന്തം വാഹനത്തില്‍ കയറ്റി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. രാജസ്ഥാനിൽ ഒരു ന്യൂസ് പേപ്പർ കമ്പനി നടത്തി വരികയാണ് രാജേന്ദ്ര വ്യാസ്.

പരിക്കേറ്റ് വാഹനത്തിലിരിക്കുന്ന രാജേന്ദ്ര വ്യാസിന്‍റെ നെറ്റി രാഹുല്‍ ഗാന്ധി തുടച്ചുകൊടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നിലവിൽ എയിംസിൽ ചികിത്സയിലാണ് രാജേന്ദ്ര വ്യാസ്. രാഹുൽ ഗാന്ധിയുടെ പ്രവൃത്തിയെ നിരവധി പേരാണ് വാനോളം പുകഴ്ത്തുന്നത്. നേരത്തെ ഒഡീഷയിലെ ഒരു പരിപാടിക്കിടെ വേദിയില്‍ നിന്ന് തെന്നിവീണ ഫോട്ടോഗ്രാഫറെ എഴുന്നേൽക്കാൻ സഹായിക്കാൻ രാഹുൽ ഗാന്ധി ഓടിയെത്തുന്ന വീഡിയോ വൈറൽ ആയിരുന്നു.