വയനാട് യാത്രാ നിരോധനത്തിനെതിരായ സമരത്തെ പിന്തുണച്ച് രാഹുൽ ഗാന്ധി. സെപ്റ്റംബർ 25 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന യുവാക്കൾക്ക് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നിലവിലെ യാത്രാ നിരോധനം കേരളത്തിലെയും കർണാടകയിലെയും ലക്ഷക്കണക്കിന് ആളുകൾക്ക് കടുത്ത പ്രയാസമുണ്ടാക്കുന്നതാണ്.
പരിസ്ഥിതി സംരക്ഷിക്കാനുള്ള കൂട്ടായ ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കുന്നതിനൊപ്പം പ്രാദേശിക സമൂഹങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വയനാട് രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ നാളെ ഡൽഹിയിൽ രാഹുൽ ഗാന്ധി എം.പിയുടെ നേത്വത്തിൽ യോഗം ചേരും. ഐ.സി ബാലകൃഷ്ണൻ എം.എൽ.എയും മുതിർന്ന നേതാക്കളും സുപ്രീം കോടതി അഭിഭാഷകരും യോഗത്തിൽ പങ്കെടുക്കും.
I stand in solidarity with the youth on an indefinite hunger strike since September 25th protesting against the daily 9 hour traffic ban on NH-766 that has caused immense hardship to lakhs of people in Kerala and Karnataka.
— Rahul Gandhi (@RahulGandhi) September 29, 2019
അതേസമയം ദേശീയപാത 766 ൽ പൂർണമായും യാത്രാ നിരോധനം കൊണ്ട് വരാനുള്ള നീക്കത്തിനെതിരെ വയനാട്ടിൽ സമരം ശക്തമാകുകയാണ്. ബത്തേരിയിൽ യൂത്ത് കോൺഗ്രസ് ഉൾപ്പടെയുള്ള യുവജന കൂട്ടായ്മകൾ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാർഢ്യവുമായി തമിഴ്നാട്ടിലെയും കർണാടകത്തിലെയും ജനപ്രതിനിധികൾ ഉൾപ്പടെ നിരവധി പേരാണ് വയനാട്ടിലേക്ക് എത്തുന്നത്.
പത്ത് വർഷമായി രാത്രിയാത്രാ നിരോധനം തുടരുന്ന വയനാട് കൊല്ലഗൽ ദേശീയ പാതയിൽ പകൽ സമയത്തും നിയന്ത്രണം കൊണ്ട് വരാൻ സുപ്രീം കോടതി കേന്ദ്ര സർക്കാറിനോട് അഭിപ്രായം തേടിയിരിക്കുകയാണ്. കാര്യക്ഷമമായ ബദൽ മാർഗമില്ലാതെ നിരോധനം നിലവിൽ വന്നാൽ വയനാട് തീർത്തും ഒറ്റപ്പെടും. ഈ സാഹചര്യത്തിലാണ് വയനാട്ടിൽ സമരം ശക്തമാവുന്നത്. യൂത്ത് കോൺഗ്രസ് ഉൾപ്പടെയുള്ള യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന നിരാഹാര സമരം അഞ്ചാം ദിവസവും ശക്തമായി തുടരുകയാണ്. വിജയം കാണും വരെ നിരാഹാര സമരം തുടരാൻ തന്നെയാണ് യുവജന കൂട്ടായ്മയുടെ തീരുമാനം.
യുവജന കൂട്ടായ്മ നേതാക്കളായ സഫീർ പാഴേരി, ആർ രാജേഷ് കുമാർ, ലിജോ ജോണി, സി.കെ മുസ്തഫ, സിനേഷ് വാകേരി തുടങ്ങിയവരാണ് ബത്തേരിയിൽ സമരം നടത്തുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്ന് സഫീർ പാഴേരിയെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. രാപ്പകൽ വ്യത്യാസമില്ലാതെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദിവസവും ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.