റഫാലില്‍ സംവാദത്തിന് മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, November 18, 2018

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ ഒരു സംവാദത്തിന് പ്രധാനമന്ത്രി തയാറാകുമോ എന്നാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം. പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിക്ക് തന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയില്ല. സംവാദത്തിന് തയാറായാല്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് എല്ലാം പറയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു പൊതുവേദിയില്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് 15 മിനിറ്റ് സംവാദത്തിന് മോദി തയാറാകുമോ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്ന് പ്രതിരോധ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിബിഐ ഡയറക്ടറെ പുലര്‍ച്ചെ രണ്ട് മണിക്ക് മാറ്റിയത് എന്തിനെന്നും രാഹുല്‍ ചോദിച്ചു. എന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മോദിക്ക് കഴിയില്ലെന്നും രാഹുല്‍ തുടര്‍ന്നു.

നോട്ട് നിരോധനം ഗുണം ചെയ്തത് അദ്ദേഹത്തിന്‍റെ ചില സുഹൃത്തുക്കള്‍ക്ക് മാത്രമാണ്. ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഛത്തീസ്ഗഢിലെ കര്‍ഷകരുടെ ദുരിതങ്ങളും പ്രശ്നങ്ങളും പരിഹരിക്കാന്‍ 15 വര്‍ഷമായി അധികാരത്തിലുള്ള  രമണ്‍ സിംഗ് സര്‍ക്കാരിന് കഴിയുന്നില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പത്ത് ദിവസത്തിനുള്ളില്‍ ഛത്തീസ്ഗഢിലെ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ പറഞ്ഞു.