നമ്മള്‍ സ്വയം ഉയര്‍ത്തെഴുന്നേല്‍ക്കും, ഓരോ ദിവസവും ബി.ജെ.പിക്കെതിരെ പോരാടും: രാഹുല്‍ഗാന്ധി

Friday, June 7, 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് വയനാട്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കി വയനാട്ടിലെ വോട്ടര്‍മാര്‍. കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് പതിനായിരങ്ങളാണ് രാഹുല്‍ഗാന്ധിയെ സ്വീകരിക്കാന്‍ അണിനിരന്നത്. തുറന്ന വാഹനത്തില്‍ കളികാവില്‍ സ്വീകരണ പരിപാടിയിലും റോഡ് ഷോയില്‍ പങ്കെടുത്ത രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും ഉന്നത നേതാക്കള്‍ അനുഗമിച്ചു. ജനങ്ങളെ അഭിസംബോധന ചെയ്ത രാഹുല്‍ഗാന്ധിയുടെ ഓരോ വാക്കുകളും വന്‍ കരഘോഷത്തോടെയാണ് ജനങ്ങള്‍ ശ്രവിച്ചത്.

നമുക്കിപ്പോഴും 52 എംപിമാര്‍ ഉണ്ട്. ഓരോ ദിവസവും നമ്മള്‍ ബിജെപിക്കെതിരെ പോരാടും, പാര്‍ട്ടി സ്വയം ഉയര്‍ത്തെഴുന്നേല്‍ക്കും. നമുക്കതിനു സാധിക്കും -രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക് സഭ തെരഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഈ ആത്മവിശ്വാസം ശരിവെക്കുന്ന സ്വീകരണമാണ് വയനാട് ലോക്‌സഭ മണ്ഡലം അദ്ദേഹത്തിന് നല്‍കിയത്. ചരിത്ര ഭൂരിപക്ഷം നല്‍കിയ വയനാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നേരില്‍ കണ്ട് നന്ദി പറയാന്‍ എത്തിയ രാഹുലിന് സ്‌നേഹത്തിന്റെ ഭാഷയിലാണ് വയനാട് ലോക്‌സഭ മണ്ഡലം വരവേറ്റത്. പ്രത്യേക വിമാനത്തില്‍ കരിപ്പുരില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്ക്, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി എം.പി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളത്തില്‍ ആയിരിക്കണക്കിന് പ്രവര്‍ത്തകരാണ് അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയത്. അവിടെ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആഭിവാദ്യം ചെയ്തു.

തുടര്‍ന്ന് ആദ്യ സ്വീകരണ സ്ഥലമായ വണ്ടുര്‍ നിയമസഭ മണ്ഡലത്തിലെ കാളികാവിലേക്ക്. കനത്ത മഴയെ അവഗണിച്ച് പതിനായിരങ്ങളാണ് കാളികാവില്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചത്. സ്ത്രീകളും കുട്ടികള്‍ ഉള്‍പ്പടെയുള്ള രാഹുല്‍ രാഹുല്‍ എന്ന് ആര്‍ത്ത് വിളിച്ചു.. രാഹുലിനോട് ഒപ്പം എത് സാഹചര്യത്തിലും ഉണ്ടാകുമെന്ന് അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

തനിക്ക് നല്‍കിയ ഉജ്ജല വിജയത്തിന് സ്‌നേഹത്തിന്റെ ഭാഷയില്‍ രാഹുലിന്റെ മറുപടി. എന്നും വയനാടിന് ഒപ്പം ഉണ്ടാകും വയനാടിന്റെ മാത്രമല്ല കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നില്‍ ഉണ്ടാകുമെന്ന് ഹൃദയത്തിന്റെ ഭാഷയിലായിരുന്നു രാഹുലിന്റെ ഉറപ്പ്.