മത്സ്യത്തൊഴിലാളികൾ വിഡ്ഢികളാണെന്ന് കരുതരുത് ; കരാറുകള്‍ സുതാര്യമാകണം ; മുഖ്യമന്ത്രിയോട് രാഹുൽ ഗാന്ധി

 

തൃപ്പൂണിത്തുറ: കേരളത്തിലെ ജനങ്ങളും മത്സ്യത്തൊഴിലാളികളും വിഡ്ഢികളാണെന്ന് കരുതരുതെന്നും ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച് അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ ഉദ്ദേശശുദ്ധി ചോദ്യംചെയ്യപ്പെട്ടു കഴിഞ്ഞെന്നും രാഹുൽ ഗാന്ധി. തൃപ്പൂണിത്തുറ നിയോജകമണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ രാഹുൽഗാന്ധി പള്ളുരുത്തി കച്ചേരിപ്പടിയിൽ സംസാരിക്കുകയായിരുന്നു.

മത്സ്യത്തൊഴിലാളികൾക്ക് എല്ലാ കാര്യങ്ങളും അറിയാം. എന്ത് കരാറുണ്ടാക്കുമ്പോഴും അത് പകൽവെളിച്ചത്തിൽ സുതാര്യമായി ചെയ്യണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ കരാർ പ്രതിപക്ഷം ചോദ്യം ചെയ്തില്ലായിരുന്നെങ്കിൽ മത്സ്യത്തൊഴിലാളികളുടെ സ്‌ഥിതി എന്താകുമായിരുന്നുവെന്നും രാഹുൽ ചോദിച്ചു.

കേരളത്തിൽ ചെറുപ്പക്കാർക്ക് ജോലി ലഭിക്കാത്ത സ്‌ഥിതിയാണ്‌. തൊഴിൽ നല്കാൻ കഴിയാത്ത കേരളത്തെ അംഗീകരിക്കാൻ കഴിയില്ല. യു ഡി എഫ് അധികാരത്തിൽ വന്നാൽ ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും രാഹുൽ ഉറപ്പ് നൽകി. ജനങ്ങളുടെ കയ്യിലേക്ക് പണം എത്തിയാൽ മാത്രമേ കേരളത്തിലെ സമ്പദ്ഘടന മെച്ചപ്പെടൂ. ന്യായ് പദ്ധതി അതിനുള്ള തുടക്കമാണ്. പെട്രോൾ ഇല്ലാത്ത കാർ സ്റ്റാർട്ട് ചെയ്യണമെന്നാണ് കേരള മുഖ്യമന്ത്രി പറയുന്നത്. ജനങളുടെ നികുതിഭാരം കുറയ്ക്കണം. ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കാനുള്ള ശ്രമങ്ങളാണ് യു ഡി എഫ് നടത്തുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു. സ്‌ഥാനാർഥി കെ.ബാബുവും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു .

Comments (0)
Add Comment