‘പ്ലാന്‍ B’ പാളി; രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

Jaihind Webdesk
Sunday, October 28, 2018

ശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന പരാതിയില്‍ അയ്യപ്പധര്‍മസേനാ പ്രസിഡന്‍റ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി പോലീസ് തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

എറണാകുളത്ത് നടത്തിയ പത്രസമ്മേളനത്തിനിടെ രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയ ‘പ്ലാന്‍ B’ യിലാണ് അറസ്റ്റ്. ശബരിമലയില്‍ യുവതീപ്രവേശമുണ്ടായാല്‍ കൈ മുറിച്ച് ചോര വീഴ്ത്തി നട അടപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു എന്നതായിരുന്നു പത്രസമ്മേളനത്തിനിടെ രാഹുല്‍ വെളിപ്പെടുത്തിയത്.  ഇത്  കലാപത്തിനുള്ള ആഹ്വാനമാണെന്നും ഗൂഢാലോചനയുടെ ചെറിയൊരു ഭാഗം മാത്രമാണ് പുറത്തുവന്നതെന്നും ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശി നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.

അതേസമയം സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ഇതിനെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തനിക്കെതിരെ ചുമത്തിയത് കള്ള കേസാണെന്നും രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പറഞ്ഞു.